കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ആദ്യഭാര്യയായ നടി മഞ്ജു വാര്യര്‍ സാക്ഷി വിസ്താരത്തിനായി ഇന്ന് കോടതിയില്‍ ഹാജരാകും. രാവിലെ 11ന് സാക്ഷി വിസ്താരം ആരംഭിക്കും. അഞ്ചു വര്‍ഷം മുമ്പ് ദിലീപില്‍ നിന്ന് വിവാഹ മോചനം നേടയി അതേ കോടതിയിലാണ് വിസ്താരം എന്നതും മറ്റൊരു പ്രത്യേകതയാണ്.
മഞ്ജുവിനെ കൂടാതെ നിര്‍ണായക സാക്ഷികളായ സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരും വ്യാഴാഴ്ച കോടതിയില്‍ ഹാജരായേക്കുമെന്നാണ് അറിയുന്നത്. വരും ദിവസങ്ങളില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഗീതു മോഹന്‍ ദാസ്, സംയുക്തവര്‍മ, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരും സാക്ഷി വിസ്താരത്തിനായി കോടതിയില്‍ ഹാജരാകും.
കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി കുറ്റകൃത്യത്തിനുശേഷം കോയമ്പത്തൂരില്‍ തങ്ങിയ താവളത്തിനു സമീപത്തെ നാലുപേരെ കഴിഞ്ഞ ആഴ്ച കോടതി വിസ്തരിച്ചിരുന്നു. ഇവര്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. സുനിയുടെ കൂട്ടുപ്രതി മണികണ്ഠന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടക്കാരന്‍, സ്വര്‍ണമാല പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ എന്നിവരും പ്രതിയെ തിരിച്ചറിഞ്ഞു. കേസില്‍ നിര്‍ണായക സാക്ഷിയായ അഭിഭാഷകനെയും കോടതി കഴിഞ്ഞ ആഴ്ച വിസ്തരിച്ചിരുന്നു.
നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷന്‍സ് കോടതിയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. തുടര്‍ന്ന് സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിക്കു മുന്നില്‍ കേസെത്തുകയായിരിന്നു.