ഗുവാഹത്തി: മണിപ്പുരില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ബിഷ്‌നുപുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ഇതോടെ നേരത്തേ ഇളവുവരുത്തിയിരുന്ന കര്‍ഫ്യൂ മൂന്ന് ജില്ലകളില്‍ വീണ്ടും കര്‍ശനമാക്കി.
ബിഷ്‌നുപുരിലെ ഗ്രാമങ്ങളില്‍ ബുധനാഴ്ച ആയുധധാരികളായ ചില യുവാക്കളെത്തി വീടുകള്‍ കയറി പരിശോധന നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നവര്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ പുറത്തിറങ്ങി നോക്കി. അപ്പോള്‍ തൊയ്ജാം ചന്ദ്രമണി എന്ന 29-കാരന് വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൊയ്ജാമിന്റെ മരണത്തോടെ ബിഷ്‌നുപുര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ ഇളവുവരുത്തിയിരുന്ന കര്‍ഫ്യൂ വീണ്ടും ശക്തമാക്കി. നേരത്തേ രാവിലെ അഞ്ചുമുതല്‍ വൈകീട്ട് നാലുവരെ കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ്, അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.
ഒരു മാസത്തോളമായി കലാപം തുടരുന്ന മണിപ്പുരില്‍ ജനജീവിതം സാധാരണ നിലയിലായി വരുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. വിവിധ ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 74 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.