NationalNews

മാണിക് സാഹ ത്രിപുര മുഖ്യമന്ത്രിയാകും; തീരുമാനം നിമയസഭകക്ഷി യോഗത്തില്‍

അഗര്‍ത്തല: മാണിക് സാഹ (Manik Saha) ത്രിപുര (Tripura) മുഖ്യമന്ത്രിയാകും. ഭൂപേന്ദ്രയാദവ്, വിനോദ് താവ്ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ത്രിപുര ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ അംഗവുമാണ് മണിക് സാഹ. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്ളവ് കുമാർ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത്.

പാർട്ടിയിലെ എതിർപ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം. ഇന്നലെ ദില്ലിയിലേക്ക് വിളിപ്പിച്ച് അമിത് ഷായാണ് നേതൃമാറ്റത്തിനുള്ള തീരുമാനം ബിപ്ളവ് ദേബിനെ അറിയിച്ചത്. ഇന്ന് നാലു മണിക്ക് ഗവർണ്ണർ എസ്എൻ ആര്യയെ കണ്ട് ദേബ് രാജി നല്‍കി. പദവിയല്ല പാർട്ടിയാണ് വലുതെന്ന് ദേബ് പറഞ്ഞു. ത്രിപുരയിലെ ജനങ്ങളുടെ വികസനത്തിനായുള്ള ശ്രമം തുടരും എന്ന് ദേബ് പറഞ്ഞു.

ഇന്ത്യയിലെ വലിയ അട്ടിമറികളിലൊന്നാണ് 2018 ല്‍ ബിജെപി ത്രിപുരയിൽ നടപ്പാക്കിയത്. സംസ്ഥാനത്ത് ചെങ്കൊടി താഴ്ത്തി താമര വിരിയിക്കാനുള്ള നീക്കത്തിൽ മുന്നിലുണ്ടായിരുന്നത് ബിപ്ളവ് കുമാർ ദേബ് എന്ന നാല്പത്തിയേഴുകാരന്‍ ആയിരുന്നു. എന്നാൽ ത്രിപുര മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള ബിപ്ളവ് കുമാർ ദേബിന്‍റെ യാത്ര കാറും കോളും നിറഞ്ഞതായിരുന്നു. ദേബിനെ മാറ്റണമെന്ന് 12 എംഎല്‍എമാർ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. രണ്ടുപേർ രാജിക്കത്ത് കേന്ദ്രനേതാക്കൾക്ക് അയച്ചു.

സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായും ബിപ്ളവ് തെറ്റി. കഴിഞ്ഞ നവംബറിൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപി എന്നാൽ വൻ വിജയം നേടിയതോടെ ബിപ്ളവ് ദേബ് തുടരും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അടുത്തവർഷം നടക്കേണ്ട നിയമസഭ പോരാട്ടം ലക്ഷ്യമാക്കി തൃണമൂൽ കോൺഗ്രസ് വൻ നീക്കം സംസ്ഥാനത്ത് നടത്തുകയാണ്. ഇത് നേരിടാൻ ദേബിനാവില്ല എന്ന് പാർട്ടി വിലയിരുത്തി. മുഖം മാറ്റി ഭരണവിരുദ്ധവികാരം നേരിടുക എന്ന ഉത്തരാഖണ്ഡിലുൾപ്പടെ പരീക്ഷിച്ച തന്ത്രമാണ് ത്രിപുരയിലും ബിജെപി പുറത്തെടുക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button