കാപ്പന്‍ കോണ്‍ഗ്രസിലേക്കില്ല; യു.ഡി.എഫില്‍ ഒന്നിലധികം സീറ്റുകള്‍ ചോദിക്കും

കോട്ടയം: കോണ്‍ഗ്രസില്‍ ചേരില്ലെന്ന് മാണി സി. കാപ്പന്‍. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. യുഡിഎഫില്‍ ഒന്നിലധികം സീറ്റുകള്‍ ചോദിക്കുമെന്നും കാപ്പന്‍ പറഞ്ഞു.

പുതിയ പാര്‍ട്ടി ഇന്നു വൈകിട്ട് അഞ്ചുമണിക്ക് പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡ് പ്രതിനിധികളെ കണ്ട് വിവരം അറിയിച്ചു. താന്‍ കോണ്‍ഗ്രസില്‍ ചേരണമെന്നത് മുല്ലപ്പള്ളിയുടെ മാത്രം താല്‍പര്യമെന്നും കാപ്പന്‍ വ്യക്തമാക്കി. തന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടിയുമായി മുന്നോട്ട് പോകുമ്പോള്‍ മൂന്ന് സീറ്റോളം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാപ്പന്‍ പറഞ്ഞു.

പാലാ സീറ്റിന്റെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ എല്‍.ഡി.എഫ് വിട്ട കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതി യോഗത്തിലും മുല്ലപ്പള്ളി ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മാണി. സി. കാപ്പന്‍ അഭിപ്രായം നിലപാട് പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News