പാലാ മാണിക്ക് ഭാര്യയാണെങ്കില്‍ എനിക്ക് ചങ്ക്; പാലാ സീറ്റ് വീട്ടുനല്‍കില്ലെന്ന് മാണി സി കാപ്പന്‍

കോട്ടയം: പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പാലാ മാണിയെ സംബന്ധിച്ച് ഭാര്യയാകും. പക്ഷേ തന്റെ ചങ്കാണ്. ജയിച്ച സീറ്റ് വിട്ടു നല്‍കാന്‍ സാധിക്കില്ലെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ് പാലാ സീറ്റ്. അത് കൈമാറാനാകില്ല. വൈകാരിക ബന്ധം പറഞ്ഞ് ആരും പാലായിലേക്ക് വരേണ്ട. എന്‍സിപി വിജയിച്ച മൂന്ന് സീറ്റുകളും വിട്ടു നല്‍കില്ല. മാണി സി കാപ്പനെ തെരഞ്ഞെടുത്തത് നഷ്ടമാണെന്ന് പാലാക്കാര്‍ പറയില്ല. ജോസ് കെ മാണി വന്നതുകൊണ്ട് പാലായില്‍ പ്രത്യേകിച്ച് ഗുണമില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. എന്‍സിപിയുമായും ആരും ചര്‍ച്ച ചെയ്തിട്ടില്ല. ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യും. പക്ഷേ തങ്ങളുടെ അക്കൗണ്ടില്‍ കിടക്കുന്ന സീറ്റ് കൊടുത്തിട്ട് വേണ്ട. ഇടതു മുന്നണിയില്‍ ഉറച്ചു നില്‍ക്കാനാണ് തങ്ങളുടെ തീരുമാനമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

കാനം രാജേന്ദ്രനെ എപ്പോഴും കാണാറുണ്ട്. രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താന്‍ അല്ല കഴിഞ്ഞദിവസം കാനത്തെ കണ്ടത്. സീറ്റ് പിടിച്ചെടുത്ത എന്‍സിപിക്കാണ് ഇപ്പോള്‍ പാലായുമായി ആത്മബന്ധമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News