സ്ത്രീധനത്തര്‍ക്കം; ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു

ബംഗളൂരു: ആവശ്യപ്പെട്ട പണം വീട്ടുകാരില്‍ നിന്നു വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു. ബംഗളൂരിവിലെ രാമമൂര്‍ത്തി നഗറിലാണ് കൊടുംക്രൂരത അരങ്ങേറിയത്. കൃത്യം നടത്തിയ ഭര്‍ത്താവ് സൂരജ് സിംഗ് എന്ന യുവാവ് ഒളിവിലാണ്. 26കാരനായ ഇയാള്‍ക്ക് കൂട്ടുനിന്ന അമ്മയെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് സംഭവം. ബംഗളൂരുവില്‍ ഒരു പാന്‍ ഷോപ്പ് നടത്തിവരുന്ന സൂരജ് ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഭാര്യയെ ഇയാളും കുടുംബാംഗങ്ങളും പലപ്പോഴും പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവദിവസവും ഇയാള്‍ ഭാര്യയോട് വീട്ടില്‍ നിന്ന് പണം വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സഹികെട്ട യുവതി ഇതിന് വിസമ്മതിക്കുകയും തന്റെ വീട്ടുകാര്‍ ഇതുവരെ നല്‍കിയ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും തിരികെ നല്‍കാന്‍ സൂരജിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഭാര്യയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സൂരജിന്റെ അമ്മയും ഈ സമയം അടുത്തുണ്ടായിരുന്നു. 22കാരിയായ യുവതിയുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ സ്വകാര്യഭാഗങ്ങളിലാണ് പൊള്ളലേറ്റത്.

യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീധന നിരോധന നിയമ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. യുവതിയുടെ നിലവിളി കേട്ട് അയല്‍ക്കാരെത്തിയപ്പോഴേക്കും സൂരജും അമ്മയും സംഭവ സ്ഥലത്തു നിന്നു കടന്നു കളഞ്ഞുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News