യു.ഡി.എഫ് ഘടക കക്ഷിയാകും; എല്‍.ഡി.എഫ് വിട്ടെന്ന് മാണി സി കാപ്പന്‍

പാലാ: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി മാണി സി. കാപ്പന്‍. യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. താന്‍ എല്‍ഡിഎഫ് വിട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് ഘടകകക്ഷിയായി ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഐശ്വര്യ കേരളയാത്രയില്‍ തന്റെ ശക്തി തെളിയിക്കും. 17 സംസ്ഥാന ഭാരവാഹികളില്‍ ഒന്‍പത് പേരും ഏഴ് ജില്ല പ്രസിഡന്റുമാരും തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്രനേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നും കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ചാണെങ്കില്‍ ഭാവികാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. പുതിയ പാര്‍ട്ടിയെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. എല്‍ഡിഎഫ് തന്നോട് നീതികേട് കാണിച്ചുവെന്നും പാലായിലെ ജനങ്ങള്‍ തന്നോടൊപ്പമുണ്ടെന്നും മാണി സി. കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News