മംഗലൂരു: മംഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോകവേ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് കാണാതായ ഏഴുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ഉത്തരേന്ത്യൻ സ്വദേശിയായ ഹേമാകാന്ത് ജായുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ള ആറുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ബോട്ടില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍ കൊൽക്കത്ത സ്വദേശികളാണെന്ന് കണ്ടെത്തി.
അതേസമയം ലക്ഷദ്വീപില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന ബോട്ടിൽ ഒന്‍പതുപേര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ബോട്ടുടമ മണിവേൽ, സഹോദരൻ മണികണ്ഠൻ, ഇരുമ്പന്‍, മുരുകൻ, ദിനേശ്, ഇലഞ്ചയ്യൻ, പ്രവീൺ എന്നീ ഏഴ് നാഗപട്ടണം സ്വദേശികളെയും രണ്ട് ഉത്തരേന്ത്യക്കാരെയും ആണ് കാണാതായത്.
ഇവരെ കണ്ടെത്താനായുള്ള തിരിച്ചിലിന് കോസ്റ്റ് ഗാർഡ് നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്‍റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തിരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് തമിഴ്നാട് സർക്കാരും ആവശ്യപ്പെട്ടു
അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് കൂടുതൽ കരുത്താർജിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ചുഴലിക്കാറ്റിൻ്റെ കേന്ദ്രം കേരളതീരത്ത് നിന്നും വടക്കോട്ട് പോയെങ്കിലും കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവം തുടരുകയാണ്. അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവമുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.