KeralaNews

സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ട്രാന്‍സ്ഫര്‍, മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം നിര്‍ബന്ധം; ഉത്തരവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം നിര്‍ബന്ധമാക്കി സര്‍ക്കാര്‍. സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ്, സെക്ഷന്‍ ഓഫിസര്‍ കേഡറിലുള്ള ഉദ്യോഗസ്ഥരെ 5 വര്‍ഷം കൂടുമ്പോഴും അണ്ടര്‍ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, സ്‌പെഷല്‍ സെക്രട്ടറി എന്നിവരെ 3 വര്‍ഷത്തിലൊരിക്കലും നിര്‍ബന്ധമായും സ്ഥലംമാറ്റണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

മറ്റു തസ്തികകളിലെ ജീവനക്കാരെ 5 വര്‍ഷം കൂടുമ്പോഴും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരെ ബന്ധപ്പെട്ട ഓഫിസര്‍മാരുടെ അഭിപ്രായം അനുസരിച്ചും മാറ്റാം. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച പൊതുഭരണ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്നത് ആദ്യമാണ്. ജീവനക്കാര്‍ക്ക് എല്ലാ വകുപ്പിലും സേവനപരിചയം കിട്ടാനാണ് ഇതെന്ന് ഉത്തരവില്‍ വിശദീകരിച്ചു.

സെക്ഷന്‍ ഓഫിസര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനു മുഖ്യമന്ത്രിയുടെ അംഗീകാരം വേണം. മാര്‍ഗനിര്‍ദേശത്തില്‍നിന്നു വ്യതിചലിച്ചുള്ള സ്ഥലംമാറ്റങ്ങളും മുഖ്യമന്ത്രി അറിയണം.സമയപരിധി കഴിഞ്ഞും ഒരാളെ തുടരാന്‍ അനുവദിക്കണമെങ്കില്‍ വകുപ്പു സെക്രട്ടറിയും, മന്ത്രിമാരുടെ താല്‍പര്യപ്രകാരമെങ്കില്‍ ബന്ധപ്പെട്ട സെക്രട്ടറിയും അത് അറിയിക്കണം. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരം ജില്ലയ്ക്കു പുറത്തു ഡപ്യൂട്ടേഷനില്‍ അയയ്ക്കാന്‍ അവരുടെ സമ്മതം വാങ്ങണം.

സമ്മതമുള്ളവര്‍ ഇല്ലെങ്കില്‍ കേഡറിലെ ഏറ്റവും ജൂനിയര്‍ ഉദ്യോഗസ്ഥരെ അയയ്ക്കാം. ഡപ്യൂട്ടേഷനില്‍ പോയവരെ വിരമിക്കുന്നതിന് ഒരുവര്‍ഷം മുന്‍പെങ്കിലും അപേക്ഷപ്രകാരം സെക്രട്ടേറിയറ്റിലേക്കു തിരിച്ചു നിയമിക്കണം.സര്‍വീസ് സംഘടനകളുടെ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാകാതെ സെക്രട്ടേറിയറ്റില്‍ തുടരാമെന്ന വ്യവസ്ഥ നിലനിര്‍ത്തി.

സ്റ്റാഫ് വെല്‍ഫെയര്‍ സൊസൈറ്റി, കന്റീന്‍ എന്നിവയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ 3 പ്രധാന ഭാരവാഹികള്‍ക്കും ഇങ്ങനെ തല്‍സ്ഥാനത്തു തുടരാം. ഗുരുതര രോഗികള്‍ക്കും രോഗികളായ കുട്ടികളോ മാതാപിതാക്കളോ പങ്കാളികളോ ഉള്ളവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സ്ഥലംമാറ്റം അനുവദിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button