പ്രണയ നൈരാശ്യം; കട്ടപ്പന ടൗണില്‍ പട്ടാപ്പകല്‍ യുവാവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കട്ടപ്പന: പട്ടാപ്പകല്‍ കട്ടപ്പന ടൗണില്‍ യുവതിയെ യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു. ടൗണില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന 29 കാരിയായ യുവതിക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ ചക്കുപള്ളം മാട്ടന്‍കൂട്ടില്‍ അരുണ്‍കുമാറിനെ (27) കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച്ച വൈകിട്ട് 4.30ഓടെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ആര്യാസ് ഹോട്ടലിനു സമീപത്തുവച്ചായിരുന്നു ആക്രമണം. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ടൗണില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. യുവതിയുടെ കണ്‍പുരികത്തിനുള്‍പ്പെടെ നാലു കുത്തുകള്‍ ഏറ്റിട്ടുണ്ട്.

യുവതിയെ ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കണ്‍പുരികത്തിനേറ്റ മുറിവ് ആഴമുള്ളതാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News