ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി

പുനെ: ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. പൂനയിലെ കൊറേഗാവ് ഗ്രാമത്തിലാണ് സംഭവം. ഇരുപത്തേഴുകാരനായ യുവാവാണ് ഇരുപത്തിനാലുകാരിയായ യുവതിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചു മാസമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി.

ഗര്‍ഭഛിദ്രം നടത്താന്‍ പണമില്ലാത്തതിനാല്‍ ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി സ്ഥിരം വഴക്ക് നടന്നിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രകോപിതനായ യുവാവ് യുവതിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ഇതിനുശേഷം വീടുപൂട്ടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സ്റ്റേഷനില്‍ എത്തിയ ശേഷം പേപ്പറും പേനയും ചോദിച്ച യുവാവ് താന്‍ വിഷാദരോഗത്തിന് അടിമയാണെന്നും ഗര്‍ഭിണിയായ ജീവിതപങ്കാളിയെ കൊലപ്പെടുത്തിയെന്നും എന്നെ തൂക്കിലേറ്റൂ എന്നും എഴുതി നല്‍കുകയായിരുന്നു. ശിക്ഷയെടുക്കണമെന്നാവശ്യപ്പെട്ട് വീടിന്റെ താക്കോല്‍ പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News