News

‘ശരീരത്തില്‍ ചിപ്പ്, തന്നെ നിയന്ത്രിക്കുന്നു’; അജിത് ഡോവലിന്റെ വസതിയിലേക്ക് കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമം, സുരക്ഷാ വീഴ്ച

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയില്‍ സുരക്ഷാ വീഴ്ച. അജിത് ഡോവലിന്റെ വസതിയിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് രാവിലെയാണ് സംഭവം. അജിത് ഡോവലിന്റെ വസതിക്ക് മുന്നിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കാര്‍ തടഞ്ഞത്. തന്റെ ശരീരത്തില്‍ മറ്റൊരാള്‍ ചിപ്പ് ഘടിപ്പിച്ചതായും അതാണ് തന്നെ നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ അജ്ഞാതന്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതെന്നാണ് വിവരം.

അജിത് ഡോവലിന് ഇസഡ് കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. വസതി സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലാണ്. മാനസിക വെല്ലുവിളികള്‍ നേരിടുന്നയാള്‍ അജിത് ഡോവലിന്റെ വസതിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.അജ്ഞാതന്‍ ഒന്നിലധികം പരാതികള്‍ നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഫോളോഅപ്പിന്റെ പേരിലാണ് അജിത് ഡോവലിനെ കാണാന്‍ ഇയാള്‍ വന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സമയത്ത് അവധിയിലായതിനാല്‍ അജിത് ഡോവല്‍ വീട്ടില്‍ ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് സ്പെഷ്യല്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button