പല്ല് തേക്കുന്നതിനിടെ 39കാരന്‍ ടൂത്ത് ബ്രഷ് വിഴുങ്ങി! പിന്നീട് സംഭവിച്ചത്

ഇറ്റാനഗര്‍: പല്ല് തേച്ചുകൊണ്ടിരിക്കുന്നതിടെ അബന്ധത്തില്‍ മധ്യവയസ്‌കന്‍ ബ്രഷ് വിഴുങ്ങി. അരുണാഞ്ചല്‍ പ്രദേശിലെ പസിഘട്ടിലാണ് സംഭവം. 39കാരനായ ഇദ്ദേഹം എല്ലാ ദിവസത്തെയും പോലെ പല്ല് തേക്കുകയായിരുന്നു. എന്നാല്‍ അബദ്ധത്തില്‍ ബ്രഷ് വായില്‍ നിന്നും തെന്നി അകത്തേക്ക് പോവുകയായിരുന്നു.

സംഭവം നടന്ന ഉടന്‍ തന്നെ അദ്ദേഹത്തിനെ ഒരു ചെറിയ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ എക്‌സ്‌റേ നടത്തി നോക്കിയെങ്കിലും അദ്ദേഹത്തിന്റെ വയറ്റിനുള്ളില്‍ ടൂത്ത് ബ്രഷ് കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ സര്‍ജന്റെ നിര്‍ദേശ പ്രകാരം ലാപ്രോട്ടമി പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ അവസ്ഥ വഷളാകുമെന്ന് ഭയന്ന ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ഏകദേശം 35 മിനിറ്റ് നീണ്ട ശസ്ത്രക്രിയക്ക് ഒടുവില്‍ വയറ്റില്‍ നിന്നും ബ്രഷ് നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്നാല്‍ ഒരാള്‍ക്ക് എങ്ങനെ ഒരു ടൂത്ത് ബ്രഷ് വിഴുങ്ങാന്‍ കഴിയുമെന്നതില്‍ തനിക്ക് ഇപ്പോഴും അതിശയമുണ്ടെന്ന് ശസ്ത്രക്രിയ ചെയ്ത ഡോ. ബോംനി തയേംഗ് പറഞ്ഞു. രോഗിയുടെ നില ഭേദമായെന്നും പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെന്നും ഡോക്ടര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News