പാലക്കാട്: ഭാര്യയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. മലമ്പുഴ തെക്കേമലമ്പുഴ സ്വദേശി ബാബുരാജ് (48) ആണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 11.30ന് ഒലവക്കോടാണു സംഭവം.
ബ്യൂട്ടിഷ്യന് കോഴ്സ് പഠിക്കുന്ന മലമ്പുഴ സ്വദേശി സരിതയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സരിത പഠിക്കുന്ന ബ്യൂട്ടിഷ്യന് സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലാസില്‍ കയറി. തുടര്‍ന്നു കൈയില്‍ കരുതിയ പെട്രോള്‍ സരിതയുടെ ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു. ഇതോടെ ക്ലാസിലുണ്ടായിരുന്നവര് ഇയാളെ തടഞ്ഞു. അതിനിടെ യുവതി ഓടിമാറി.
അതിക്രമത്തിനുശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ബാബുരാജ് പിന്നീട് മലമ്പുഴ പോലീസിനു മുന്നില്‍ കീഴടങ്ങുകയായിരിന്നു. കുടുംബ പ്രശ്നമാണു കാരണമെന്നു പോലീസ് പറഞ്ഞു. ബാബുരാജിനെതിരേ പോലീസ് വധശ്രമത്തിന് കേസെടുത്തു.