KeralaNews

‘നല്ല വിഷമമുണ്ടല്ലേ? സാരമില്ല… മനസിൽ വെച്ചാൽ മതി’; പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി

നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. ചോദ്യോത്തരവേളയിൽ പരസ്പരം ഏറ്റുമുട്ടി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. എം.എല്‍.എമാര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യോത്തരവേള.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു

പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ബഹളം വെക്കുന്നുവെന്ന് പിണറായി മറുപടി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയുടെ കൂത്തരങ്ങായിരുന്നു. ഈ സര്‍ക്കാര്‍ അഴിമതിയില്ലാത്ത നാടെന്ന പേര് ഉയര്‍ത്തി. അതില്‍ വിഷമമുണ്ടെങ്കില്‍ അത് മനസില്‍ വെച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനത്തിന്റെ കൈയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചവര്‍ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി അഴിമതി എന്ന് ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. അതിനിടെയാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അത്തരമൊരു അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചത് എന്നും പിണറായി പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നല്‍കിയത് തെറ്റായ കീഴ്വഴക്കമെന്ന് കെ.സി ജോസഫ് പ്രതികരിച്ചു. വിഡി സതീശനെതിരായ കേസ് വിദേശത്ത് പോയി അവിടെ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന കേസാണെന്നും അക്കാര്യത്തില്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ചെന്നിത്തല വ്യക്തത വരുത്തി. താന്‍ കോഴ വാങ്ങിയിട്ടില്ല. ഏത് അന്വേഷണം നടന്നാലും പ്രതിപക്ഷത്തിന് ഒരു ചുക്കുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാഴ്‌വേലയാണിതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker