ഭാര്യയും നാല് സുഹൃത്തുക്കളും നിരന്തരം ഉപദ്രവിച്ചു, അപവാദം പ്രചരിപ്പിച്ചു; യുവാവ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി

രാജ്‌കോട്ട്: യുവാവ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയുടെയും അവരുടെ നാല് സുഹൃത്തുക്കളുടെയും പേരില്‍ പോലീസ് കേസെടുത്തു. ഗുജറാത്ത് തരാദ് സ്വദേശി അമൃത് റാത്തോഡിനെ (25) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പോലീസ് നടപടി.

അമൃതിന്റെ സഹോദരനാണ്
പോലീസിൽ പരാതി നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് അമൃത് റാത്തോഡിനെ സ്വകാര്യ ഹോട്ടല്‍മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ ആത്മഹത്യാക്കുറിപ്പും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. ഭാര്യ പായലും അവരുടെ നാല് സുഹൃത്തുക്കളുമാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നായിരുന്നു യുവാവിന്റെ കുറിപ്പിലുണ്ടായിരുന്നത്.

മൂന്ന് മാസം മുമ്പാണ് അമൃതും പായലും വിവാഹിതരായത്. വിവാഹശേഷം പായല്‍ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ആത്മഹത്യ കുറിപ്പിൽ പറയുന്നു. യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് അമൃതിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും യുവാവിനെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്നും സഹോദരൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതുകാരണം യുവാവ് ഏറെ ദുഃഖത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു.

അമൃതിന്റെ ഭാര്യ പായല്‍, ഇവരുടെ സുഹൃത്തുക്കളായ വിഷ്ണു, പ്രവീണ്‍, അനില്‍, കിഷന്‍ എന്നിവര്‍ക്കെതിരേയാണ് സഹോദരന്‍ പരാതി നല്‍കിയത്. ഇവര്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News