ന്യൂഡൽഹി: വഞ്ചനാക്കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച മധ്യവയസ്കന്‍ പൊലീസ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ഡൽഹിയിലെ ഉത്തംനഗര്‍ സ്വദേശിയായ ആനന്ദ് വർമയാണ് കമല മാർക്കറ്റ് പൊലീസ് സ്‌റ്റേഷന്‍റെ മൂന്നാംനിലയില്‍ നിന്നും ചാടി ആത്മത്യ ചെയ്തത്. ആനന്ദ് വര്‍മ്മയ്ക്കതിരെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കേസെടുത്തിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് സംഭവം.
ഞായറാഴ്ചയാണ് ആനന്ദ് വര്‍മ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പരാതിക്കാരനായ ഹെഡ് കോൺസ്റ്റബിൾ അജീത് സിംഗ് ആണ് ആനന്ദിനെ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. ഉച്ചയ്ക്ക് 3.20 ഓടെയാണ് ആനന്ദ് സ്റ്റേഷനിലെത്തിയത്. ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ഇയാളെ വിട്ടയച്ചു. എന്നാല്‍ സ്റ്റേഷന്‍റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയ ആനന്ദ് വര്‍മ്മ താഴേക്ക് ചാടുകയായിരുന്നു.
ആനന്ദ് വര്‍മ്മ കെട്ടിടത്തിന് മുകളില്‍ നില്‍ക്കുന്നത് കണ്ട പൊലീസുകാര്‍ ചാടരുതെന്നും താഴേക്ക് ഇറങ്ങണമെന്നും വിളിച്ച് പറഞ്ഞു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ താഴേക്ക് എടുത്ത് ചാടി. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ ഹെഡ് കോൺസ്റ്റബിൾ അജീത് സിംഗിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സഞ്ജയ് സെയ്ൻ അറിയിച്ചു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്, റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)