ഷെയ്ന്‍ നിഗത്തെ അസിസ്റ്റന്റാക്കും; അവനെ വെച്ച് സിനിമ ചെയ്യുമെന്ന് സംവിധായകന്‍ രാജീവ് രവി
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തെ സിനിമയില്‍ നിന്നു വിലക്കി സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ രാജീവ് രവി. ഷെയ്‌നിനെ തന്റെ അസിസ്റ്റന്റാക്കുമെന്നും ഷെയ്നെ വെച്ച് സിനിമ ചെയ്യുമെന്നും രാജീവ് രവി തുറന്നടിച്ചു. ഷെയ്നിനെതിരെ നടക്കുന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോടായിരുന്നു രാജീവ് രവി ഇക്കാര്യം പറഞ്ഞത്.
‘ഷെയ്നിന്റെ പ്രായം വെറും 22 വയസ്സാണെന്നതു നിങ്ങളോര്‍ക്കണം. ചെറിയ പയ്യനാണ്. സെറ്റില്‍ അവന്‍ അച്ചടക്കമില്ലാതെ പെരുമാറിയിട്ടുണ്ടെങ്കില്‍ അതു തെറ്റാണ്. അതിനെ ഞാന്‍ ന്യായീകരിക്കില്ല. പക്ഷേ അതിന്റെ പേരില്‍ വിലക്കേണ്ട ആവശ്യമില്ല. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ എല്ലാം അവന്റെ സ്വന്തം കാര്യമാണ്. അതവന്‍ പറയുന്നതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. വളരെ കഴിവുള്ള ഒരു നടനാണ്. അവനെ ജനങ്ങള്‍ കൈവിടില്ലെന്ന് എനിക്കുറപ്പുണ്ട്.
ഷെയ്നിന്റെ പ്രായം പരിഗണിച്ച് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഗ്രൂം ചെയ്യുകയാണു ചെയ്യേണ്ടത്. മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യപ്പെടുത്തകയല്ല വേണ്ടത്. മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. സിനിമാ വ്യവസായത്തില്‍ സ്ത്രീകളോടു മോശമായി പെരുമാറുന്നില്ലേ, കൃത്യമായി വേതനം കൊടുക്കാതിരിക്കുന്നില്ലേ. ഇങ്ങനെ പലതും നടക്കുന്നുണ്ട്. അതേക്കുറിച്ചൊന്നും അന്വേഷിക്കുന്നില്ലല്ലോ. ഇതൊന്നും ചെയ്യാതെ ഒരു കൊച്ചുപയ്യന്റെ നേരെ ചാടിക്കയറുന്നതില്‍ ഒരു കാര്യവുമില്ല. ഇതിനെ കുറച്ചുകൂടി പക്വമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.