എറണാകുളത്ത് ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി

കൊച്ചി: എറണാകുളത്ത് ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി. മഞ്ഞപ്ര സെബിപുരം മേപ്പിള്ളി വീട്ടില്‍ വര്‍ഗീസ് മകന്‍ ബൈജു (38) ആണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയില്‍ ചികത്സാ പിഴിവ് ഉണ്ടായിട്ടുണ്ടന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ഗ്യാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബൈജു മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം എന്‍ഡോസ്‌കോപ്പി എടുക്കുന്നതിനായി അനസ്തേഷ്യ കൊടുക്കുന്നതിനിടെ ഉണ്ടായ പിഴവാണ് മരണകാരണമെന്നാണ് പരാതി.

ബൈജുവിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്ന ബൈജു വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയുടെ ചികിത്സാ പിഴവിനെതിരെ ബന്ധുക്കള്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News