പട്ന: ചന്ദ്രനില്‍ ഭൂമി വാങ്ങി ബിഹാറില്‍ നിന്നുളള ബിസിനസ്സുകാരന്‍. ജന്മദിനത്തില്‍ ഒരു ഏക്കര്‍ സ്ഥലമാണ് വാങ്ങിയത്. അമേരിക്കയിലെ ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴി ഓണ്‍ലൈനിലൂടെയാണ് ചന്ദ്രനില്‍ ഭൂമി വാങ്ങിയതെന്ന് ബിസിനസുകാരനായ നീരജ് കുമാര്‍ പറയുന്നു.
ചന്ദ്രനില്‍ പോകണമെന്നത് ചെറുപ്പം മുതലുളള ആഗ്രഹമാണ്. നിലവില്‍ അത് സാധ്യമല്ല. അതിനാലാണ് ഭൂമി വാങ്ങാന്‍ തീരുമാനിച്ചത്. ഭൂമി വാങ്ങാന്‍ നല്‍കിയ പണം അധികമല്ല. എന്നാല്‍ ഭൂമി വാങ്ങാനുളള നടപടിക്രമങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ബോധ് ഗയ സ്വദേശിയായ നീരജ് കുമാര്‍ പറഞ്ഞു.
നടന്‍ ഷാരൂഖ് ഖാന്‍ അടക്കമുളള പ്രമുഖര്‍ ചന്ദ്രനില്‍ ഭൂമി വാങ്ങിയതായുളള വാര്‍ത്തകളെ തുടര്‍ന്നാണ് ഇതില്‍ ആഗ്രഹം ഉണര്‍ന്നത്. തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. അതിനിടെയാണ് ലൂണ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണലിനെ കുറിച്ച് അറിഞ്ഞത്.
2019 ഒക്ടോബറിലാണ് ഒരു ഏക്കര്‍ ഭൂമിയ്ക്കായി അപേക്ഷിച്ചത്. തുടക്കത്തില്‍ 48000 രൂപയാണ് നല്‍കിയത്. തുടര്‍ന്ന് ഓണ്‍ലൈനിലൂടെ നടത്തിയ നിരവധി എഴുത്തുകുത്തുകള്‍ക്ക് ശേഷം ജൂലൈ നാലിനാണ് ഇടപാട് പൂര്‍ത്തിയായതെന്നും നീരജ് കുമാര്‍ പറഞ്ഞു. അവസരം കിട്ടിയാല്‍ ചന്ദ്രനില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.