കൊവിഡ് മുക്തരായവരില്‍ ഉണ്ടാകുന്ന ആന്റിബോഡി അധികനാള്‍ നീണ്ടു നില്‍ക്കില്ലെന്ന് പഠനം; എല്ലാവര്‍ഷവും കുത്തിവെപ്പ് എടുക്കേണ്ടി വരും
ലണ്ടണ്‍: കൊവിഡ് മുക്തരായവരില്‍ ഉണ്ടാവുന്ന ആന്റിബോഡി അധികനാള്‍ നീണ്ടു നില്‍ക്കില്ലെന്ന് പഠനം. അതുകൊണ്ട് തന്നെ അസുഖം പൂര്‍ണമായി തുടച്ചു നീക്കാന്‍ സാധിക്കില്ലെന്നും വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാ വര്‍ഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നും ലണ്ടനിലെ കിംഗ്‌സ് കോളജ് നടത്തിയ പഠനത്തില്‍ പറയുന്നു.
കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായി ആദ്യത്തെ മൂന്നാഴ്ചയില്‍ 90 ശതമാനം രോഗികളിലും ആന്റിബോഡികള്‍ വര്‍ധിക്കുമെങ്കിലും പിന്നീട് ഗണ്യമായി കുറയുന്ന പ്രവണതയാണ് കാണുന്നത്. 60 ശതമാനം ആളുകള്‍ക്കും രോഗബാധയുടെ സമയത്ത് ആന്റിബോഡി കൂടുതലുണ്ടാവും.
എന്നാല്‍, മൂന്ന് മാസങ്ങള്‍ക്കു ശേഷം ഈ ആന്റിബോഡി കേവലം 17 ശതമാനം ആളുകളില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ചിലരില്‍ തീരെ ആന്റിബോഡികള്‍ ഉണ്ടാവില്ലെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. കടുത്ത അസുഖമുള്ളവരില്‍ കൂടുതല്‍ ആന്റിബോഡി ഉണ്ടാവുന്നുണ്ട്. ശനിയാഴ്ചയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 64 രോഗികളെയും 6 ആരോഗ്യപ്രവര്‍ത്തകരെയുമാണ് പഠനത്തിനായി പരിശോധിച്ചത്. വളണ്ടിയര്‍മാരില്‍ പെട്ട മറ്റ് 31 പേരെയും ഇവര്‍ നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസം കൊവിഡ് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സര്‍വകലാശാല രംഗത്തെത്തിയിരുന്നു. സര്‍വകലാശാലയിലെ വളണ്ടിയര്‍മാരിലാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്‌മോലിയാര്‍ചക് പറഞ്ഞു. റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 18നാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 18 വളണ്ടിയര്‍മാരിലും ജൂണ്‍ 23നു നടന്ന രണ്ടാം ഘട്ടത്തില്‍ 20 വളണ്ടിയര്‍മാരിലും വാക്‌സിന്‍ പരീക്ഷിച്ചു.