മകളുടെ അസുഖം ഭേദമാകാന്‍ ദുര്‍മന്ത്രവാദിയുടെ വാക്ക് കേട്ട് പിതാവ് സഹോദരന്റെ മകന്റെ തലവെട്ടി! അരുംകൊല നടന്നത് നാട്ടുകാരുടെ കണ്‍മുന്നില്‍

പാറ്റ്‌ന: മകളുടെ അസുഖം ഭേദമാകാന്‍ പിതാവ് തന്റെ മൂത്തസഹോദരന്റെ മകനെ ബലിനല്‍കി. ബീഹാറിലെ ജാമുയി ജില്ലയിലെ സോനോ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അരുംകൊല നടന്നത്. മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൊലപാതകം. അരുംകൊല നടത്തിയ മുപ്പത്തഞ്ചുകാരനായ തൂഭാനി യാദവിനെയും ഒത്താശ ചെയ്ത ഭാര്യയെയും അവരുടെ അമ്മയെയും പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞവര്‍ഷം തൂഭാനിയുടെ രണ്ടുമാസം പ്രായമുളള കുഞ്ഞ് അസുംഖം ബാധിച്ച് മരിച്ചിരുന്നു. അടുത്തിടെ ഇളയകുഞ്ഞിനും രോഗം ബാധിച്ചു. ദുഷ്ടശക്തികളാണ് ഇതിനുപിന്നിലെന്നും മന്ത്രവാദി പറയുന്നതുപോലെ ചെയ്താല്‍ എല്ലാപ്രശ്‌നങ്ങളും മാറുമെന്നും ബന്ധുവായ ഒരാള്‍ തുഭാനിയെ അറിയിച്ചു. അയാള്‍ തന്നെ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഒരു കുഞ്ഞിനെ ബലിനല്‍കിയാല്‍ മകളുടെ അസുഖം മാറുമെന്ന് മന്ത്രവാദി തൂഭാനിയെ വിശ്വസിപ്പിച്ചു. തൂഭാനിയുടെ വീട്ടിലെത്തിയ മന്ത്രവാദി ചില പൂജകളും നടത്തി. അതിനുശേഷമാണ് ബലി നല്‍കേണ്ട കുഞ്ഞിനെ തിരഞ്ഞെടുത്തത്. സഹോദരന്റെ ഏഴുവയസുകാരനായ മകന്‍ കടയില്‍ നിന്ന് ബിസ്‌കറ്റും വാങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ വാളുമായി പുറകേയെത്തിയ തൂഭാനി ഒറ്റവെട്ടിന് തല വേര്‍പെടുത്തുകയായിരുന്നു. നാട്ടുകാരുടെ കണ്‍മുന്നിലായിരുന്നു ഇത്. തുടര്‍ന്ന് തൂഭാനി കുടുംബസമേതം സ്ഥലംവിട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News