കൊച്ചി: അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ ഫോട്ടോ കോപ്പിയെടുത്ത് പലചരക്ക് സാധനങ്ങള്‍ വാങ്ങിയ കേസില്‍ അറസ്റ്റിലായ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊല്ലം സ്വദേശി അന്‍ഷാദിനെയാണ് നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത കടയിലെത്തിച്ച് തെളിവെടുത്തത്. കൊച്ചി പനങ്ങാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഫോട്ടോകോപ്പി മെഷിന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റനോട്ടത്തില്‍ ഒറിജിനലാണെന്നെ തോന്നുന്ന പത്ത് നോട്ടുകളാണ് അന്‍ഷാദ് ഫോട്ടോകോപ്പിയെടുത്തത്.
സിനിമാ ചിത്രീകരണത്തിനെന്ന് പറഞ്ഞ് ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയെ തെറ്റിധരിപ്പിച്ച ശേഷമായിരുന്നു കോപ്പിയെടുത്തത്. തുടര്‍ന്ന് ഫോട്ടോസ്റ്റാറ്റ് എടുത്ത നോട്ടുകളുമായി അന്‍ഷാദ് പനങ്ങാടുള്ള പലചരക്ക് കടകളില്‍പോയി. പല കടകളില്‍ നിന്നായി ചെറിയ തുകക്കുള്ള സാധനങ്ങള്‍ വാങ്ങി 500 ന്റെ നോട്ടുകള്‍ നല്‍കി ബാക്കി തുക കൈപ്പറ്റുകയായിരുന്നു.
ഇങ്ങനെ നാല് കടകളില്‍ ചെന്ന് നോട്ടുകള്‍ കൈമാറി. അതില്‍ ഒരു കടയുടെ ഉടമയാണ് കള്ളനോട്ട് തിരിച്ചറിഞ്ഞ് പോലീസിനെ അറിയിച്ചത് തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഫോട്ടോ കോപ്പിയെടുത്ത മെഷിനും 500 രൂപയുടെ യഥാര്‍ഥ നോട്ടും പോലീസ് പിടിച്ചെടുത്തു. കടയുടമയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അന്‍ഷാദ് മുന്‍പും ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.