യുവതികള്‍ തനിച്ചു താമസിക്കുന്ന വീടുകളിലും കുളിമുറിയിലും ഒളിഞ്ഞു നോട്ടം പതിവ്; ഒടുവില്‍ മല്ലപ്പള്ളിയിലെ ഞരമ്പ് രോഗിയെ പോലീസ് പൊക്കി

തിരുവല്ല: മല്ലപ്പള്ളിയില്‍ യുവതികള്‍ തനിച്ചു താമസിക്കുന്ന വീടുകളിലും കുളിമുറിയിലും ഒളിഞ്ഞു നോട്ടവും മദ്യലഹരിയില്‍ വീടുകളിലേക്ക് കല്ലേറും പതിവാക്കിയ യുവാവ് പോലീസ് പിടിയില്‍. ആനിക്കാട് നൂറോമ്മാവ് നെല്ലെ മുറിക്കുന്നേല്‍ രഞ്ജിത്തി(27)നെയാണ് കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ കേസിലാണ് അറസ്റ്റ്.

പരാതിക്കാരിയുടെ വീടിന് പിന്നിലെ തുറന്നു കിടന്ന ജനാലയിലൂടെ അടുക്കള വാതിലിന്റെ കൊളുത്ത് കമ്പ് ഉപയോഗിച്ച് നീക്കിയാണ് ഇയാള്‍ ഉള്ളില്‍ കടന്നത്. എന്നാല്‍ വീട്ടമ്മയും കുട്ടിയും തനിച്ചായതിനാല്‍ കിടപ്പു മുറിയില്‍ ലൈറ്റ് ഇട്ടിരുന്നു. മദ്യലഹരിയിലാണ് രഞ്ജിത്ത് ഇവരുടെ വീട്ടില്‍ കയറിയത്. മുറിയിലെത്തിയപ്പോള്‍ ലൈറ്റ് തെളിഞ്ഞു കിടക്കുന്നതാണ് കണ്ടത്. അത് ഓഫ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ശബ്ദം കേട്ട് വീട്ടമ്മ ഉണര്‍ന്നു.

ഇതോടെ രഞ്ജിത്ത് ഓടി രക്ഷപ്പെട്ടു. മുന്‍പും പലതവണ നാട്ടുകാരും പോലീസും ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും വീണ്ടും ഇത് ആവര്‍ത്തിക്കുകയായിരുന്നു. ഇയാളുടെ ചെരുപ്പില്‍ ചേറിന്റെ അവശിഷ്ടം കണ്ട് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭവനഭേദനം, മോഷണ ശ്രമം എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് അറസ്റ്റ്. അമ്മയും മകളും തനിച്ച് താമസിക്കുന്ന വീട്ടിലായിരുന്നു കഴിഞ്ഞ 13 ന് പുലര്‍ച്ചെ രണ്ടരയോടെ പ്രതി അതിക്രമിച്ചു കടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News