വൈന്‍ നിര്‍മ്മാണത്തിന് എക്‌സൈസിന്റെ അനുഗ്രഹം തേടി ഫേസ്ബുക്ക് പോസ്റ്റ്; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കൊച്ചി: വൈന്‍ നിര്‍മാണത്തിന് എക്‌സൈസിന്റെ അനുഗ്രഹം തേടി ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ വീട്ടിലെത്തി കൈയ്യോടെ പൊക്കി എക്‌സൈസ്. ആലുവ കിടങ്ങൂര്‍ സ്വദേശി ആലുക്കാപ്പറമ്പില്‍ ചാക്കോയുടെ മകന്‍ ഷിനോ മോന്‍ ചാക്കോ(32)യെയാണ് ആലുവ എക്‌സൈസ് അറസ്റ്റ് ചെയ്തത്.

‘വൈഫ് ഹൗസിലെ പൈനാപ്പിള്‍ കൃഷി. ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു. ഏവരുടേയും, എക്‌സൈസ് കാരുടേയും അനുഗ്രഹം വേണം’ എന്നായിരിന്നു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫെസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.എസ് രഞ്ചിത്തിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റ്യനും പാര്‍ട്ടിയും ടിയാന്റെ വീട്ടില്‍ പരിശോധന നടത്തുകയും വീടിന്റെ അടുക്കളയോടു ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയില്‍ വൈനുണ്ടാകുവാനായി ഒരു ചീന ഭരണിയില്‍ കെട്ടിവച്ചിരുന്ന അഞ്ചുലിറ്റര്‍ വാഷ് കണ്ടെടുക്കുകയും ആയിരിന്നു. തുടര്‍ന്ന് പ്രതി അറസ്റ്റ് ചെയ്യുകയായിരിന്നു.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍ കെ .എച്ച്, പി.കെ.ഗോപി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ കുമാര്‍ എം എം, ബസന്ത് കുമാര്‍ പി എസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നീതു എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News