ലോക്ക്ഡൗണ്‍ ലംഘനത്തിന് പിഴയിട്ടു; പോലീസിനോട് പക തീര്‍ക്കാന്‍ വ്യാജ ബോംബ് ഭീഷണി നടത്തിയയാള്‍ പിടിയില്‍

പൊന്നാനി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പിഴയിട്ട പോലീസിനോട് പക തീര്‍ക്കാന്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയ പ്രതി പിടിയില്‍. ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡല്‍ ആണ് പിടിയിലായത്. ബാങ്ക് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

ചൊവ്വാഴ്ച്ച കാലത്ത് പതിനൊന്നര മണിയോടെയാണ് പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് ഫോണിലൂടെ ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ഉച്ചക്ക് രണ്ടിന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കില്‍ ബോംബ് സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ഭീഷണി വന്നയുടനെ ഡോഗ് സ്‌കോഡും ബോംബ് സ്‌കോഡും സ്ഥലത്ത് എത്തി ബാങ്കിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്റ്റേഷനിലേക്ക് വന്ന നമ്പറിന്റെ ഉടമ ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡല്‍ എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണിന്റെ ലോക്കേഷന്‍ കണ്ടെത്തുകയും ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ പൊന്നാനി സ്റ്റേഷനില്‍ എത്തിക്കുകയും പ്രതിയുടെ പേരില്‍ കേസ് എടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ പോലീസും, ആരോഗ്യ വകുപ്പും പിഴ ചുമത്തിയിരുന്നു. അതിന്റെ ദേഷ്യത്തില്‍ പോലീസിനെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയാണ് ബാങ്കില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇയാള്‍ സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News