കൊച്ചി:തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൊന്നിയിൻ സെൽവൻ’ ഒന്നാം ഭാഗം. സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. വിക്രം, ഐശ്വര്യ റായ്, ജയം രവി. കാർത്തി, പ്രഭു, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വമ്പൻ താരനിര അണിനിരന്ന പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയിരുന്നു.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടികൾ എല്ലാം തന്നെ വമ്പൻ താര സാന്നിധ്യം കൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ആണ് അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത്. രജനികാന്ത്, കമൽഹാസൻ, മണിരത്‌നം, പാർത്ഥിപൻ, ശങ്കർ, തൃഷ, വിക്രം, ജയം രവി, ഐശ്വര്യ റായ് എന്നിവരെല്ലാം പങ്കെടുത്ത ചടങ്ങിൽ സൂപ്പർ സ്റ്റാറായത് മലയാളത്തിന്റെ സ്വന്തം നടൻ ജയറാം ആയിരുന്നു.
സംവിധായകൻ മണിരത്‌നത്തെയും മറ്റു താരങ്ങളെയും അനുകരിച്ച് ജയറാം വേദിയെ കയ്യിലെടുക്കുകയായിരുന്നു. മലയാളി പ്രേക്ഷകരും തമിഴ് പ്രേക്ഷകരും ഒന്നടങ്കമാണ് ആ വീഡിയോ ഏറ്റെടുത്തത്. മലയാള താരങ്ങൾ ഉൾപ്പെടെ ജയറാമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഒരിക്കലും ടച്ച് വിട്ടു പോയി എന്ന് പറയാത്ത ജയയറാമേട്ടൻ എന്ന് കുറിച്ച് കൊണ്ട് രമേശ് പിഷാരടി വീഡിയോ പങ്കുവയ്ക്കുകയും അത് വൈറലാവുകയും ഒക്കെ ചെയ്തു.
പൊന്നിയിൻ സെൽവന്റെ ട്രെയിലർ ലോഞ്ച് വേദിയിൽ അങ്ങനെയൊരു മിമിക്രി അവതരിപ്പിക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും അതുകണ്ട നടൻ മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ചും പറയുകയാണ് ജയറാമിപ്പോൾ. വീഡിയോ വൈറലായതിനു ശേഷം ഹൈദരാബാദിൽ വെച്ച് മമ്മൂട്ടിയെ കണ്ടപ്പോൾ അദ്ദേഹം ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് തകർത്തെന്ന് പറഞ്ഞു എന്നാണ് പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇത് പറഞ്ഞത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ.
‘ട്രെയിലര്‍ ലോഞ്ച് സമയത്ത് എന്തെങ്കിലും രണ്ട് വാക്ക് പറയണം എന്ന് മാത്രമേ പറഞ്ഞിരുനുള്ളു. പരിപാടി തുടങ്ങാന്‍ അൽപം വൈകി. ജയറാം സ്റ്റേജില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമോ എന്ന് മണിരത്‌നം ചോദിച്ചു. കഥ പറഞ്ഞാല്‍ എനിക്ക് സാറിനെ തന്നെ അനുകരിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. സ്റ്റേജില്‍ വച്ച് നടന്‍ പ്രഭുവിന്റെ അനുവാദവും വാങ്ങിയാണ് അത് ചെയ്തത്,’
‘വീഡിയോ ഹിറ്റായതോടെ ഇപ്പോള്‍ എവിടെ ചെന്നാലും മണിരത്‌നത്തെ അനുകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചെന്നൈയിലെ പരിപാടി കഴിഞ്ഞ് ഹൈദരാബാദിലെത്തി ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ ദാ വരുന്നു മമ്മൂക്ക. ഓടി വന്ന് കെട്ടിപ്പിടിച്ച് ‘തകര്‍ത്തടാ തകര്‍ത്തു ഇന്നലെ നീ തകര്‍ത്തു മറിച്ചു’ എന്ന് പറഞ്ഞു,’
‘അൽപം കഴിഞ്ഞ് മമ്മൂക്കയുടെ റൂമില്‍ എത്തിയപ്പോള്‍ പ്രോജക്ടറില്‍ ഇത് തന്നെയാണ് അദ്ദേഹം പിന്നെയും കണ്ട് ചിരിച്ചു കൊണ്ടിരിക്കുന്നത്. മണിരത്‌നം എന്ത് കറക്ടാ എന്ന് പറഞ്ഞ് പിന്നെയും ചിരിക്കുകയാണ് മമ്മൂക്ക’, ജയറാം പറഞ്ഞു.
പൊന്നിയിന്‍ സെല്‍വനില്‍ ആഴ്‌വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി വഗംഭീര മേക്ക്ഓവറാണ് ജയറാം നടത്തിയിട്ടുള്ളത്. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. ചോള വംശത്തിലെ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് നോവല്‍ പറയുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിട്ടുള്ളത്.