കൊച്ചി:മലയാളികൾക്ക് സുപരിചിതനാണ് ദിനേശ് പണിക്കർ. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങളായി അദ്ദേഹം എത്തിയിട്ടുണ്ട്. നിർമ്മാതാവായാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകുന്നത്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ കിരീടത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.
അടുത്തിടെയായി മിനിസ്‌ക്രീനിൽ സജീവമാണ് അദ്ദേഹം ധാരാളം പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അദ്ദേഹം എത്തുന്നുണ്ട്. അതേസമയം, യൂട്യുബിലും സ്വന്തം ചാനലുമായി സജീവമാവുകയാണ് അദ്ദേഹം. ദിനേശ് പണിക്കർ എന്ന തന്റെ യൂട്യൂബ് ചാനലിലെ പോയിന്റ് ഡിപി എന്ന പരിപാടിയിലൂടെ സിനിമയിൽ നിന്നുള്ള തന്റെ ഓർമ്മകളും പഴയ അനുഭവങ്ങളും ഒക്കെയാണ് അദ്ദേഹം പങ്കുവയ്ക്കാറുള്ളത്.
ഇപ്പോഴിതാ, മമ്മൂട്ടിയോടൊപ്പമുള്ള തന്റെ അനുഭവങ്ങളും തനിക്കുണ്ടായ ഒരു നഷ്ടവും ഓർക്കുകയാണ് അദ്ദേഹം. 80 കളിൽ ചാനൽ 12 എന്ന വീഡിയോ സെന്റർ നടത്തുമ്പോൾ മുതലുള്ള പരിചയമാണ് തനിക്ക് മമ്മൂട്ടിയുള്ളതെന്നാണ് ദിനേശ് പണിക്കർ പറയുന്നത്. മമ്മൂട്ടി തിരുവനന്തപുരത്ത് വരുമ്പോൾ ആദ്യം വിളിക്കുന്നത് എന്നെയാകും. പങ്കജ് ഹോട്ടലിൽ ഞാൻ മമ്മൂക്കയ്ക്ക് കാസറ്റ് കൊണ്ടുപോയി കൊടുക്കും. അങ്ങനെ തുടങ്ങിയ ബന്ധമാണ്.
അതിനു ശേഷമാണ് ഞാൻ കിരീടം നിർമ്മിക്കുന്നത്. സിനിമ ഹിറ്റായതോടെ മമ്മൂട്ടിയെ വെച്ചൊരു സിനിമ എന്ത് കൊണ്ട് ചെയ്‌തുകൂടാ എന്നൊരു ചിന്ത വന്നു. അങ്ങനെ ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു പൈസ ഒരു കവറിൽ ഇട്ട് മമ്മൂക്കയെ ഏൽപ്പിച്ചു. മമ്മൂക്ക കവറിന് കനമില്ലലോ എന്ന ചോദിച്ചപ്പോൾ കനമുണ്ടാക്കാം എന്ന് പറഞ്ഞ് ഒരു തുടക്കം കുറിച്ച് പോന്നു.
അതിനു ശേഷം സംഗീത് ശിവനും ദാമോദരൻ മാഷുമായിട്ട് കുറെ നേരം ഇരുന്ന് സംസാരിച്ചു. അങ്ങനെ ഒരു സബ്ജക്ട് ഉണ്ടാക്കി. പക്ഷെ അതുമായി ബന്ധപ്പെട്ട ഒന്ന് ആ സമയത്ത് വന്നത് കൊണ്ട് ഒഴിവാക്കി. അങ്ങനെ അഡ്വാൻസ് കൊടുത്തെങ്കിലും നീണ്ടു പോകുന്നത് കൊണ്ട് മമ്മൂക്ക തന്നെ മറ്റൊരു സിനിമ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
അങ്ങനെ മമ്മൂക്ക തന്നെ സഹായിച്ച് ചെപ്പു കിലുക്കണ ചങ്ങാതി എന്നൊരു സിനിമ ചെയ്തു. അതിന് ഡിസ്ട്രിബ്യുട്ടറെ ഒക്കെ സംഘടിപ്പിച്ച് തന്നത് മമ്മൂക്കയാണ്. അതിന് ശേഷം വീണ്ടും വീണ്ടും നീണ്ടു പോയി. ഞാൻ മറ്റു സിനിമകൾ എടുത്തു. കളിവീട്, രജപുത്രൻ, മായവർണങ്ങൾ, മയിൽപ്പീലിക്കാവ്, ഇങ്ങനെ എല്ലാം ഞാൻ എടുത്തു.
പക്ഷെ മമ്മൂക്കയുമായുള്ള പ്രോജക്റ്റ് മാത്രം നടക്കുന്നില്ലായിരുന്നു. അതിനിടയ്ക്ക് മമ്മൂക്കയ്ക്ക് പലപ്രാവശ്യം അഡ്വാൻസ് നൽകുകയും ചെയ്തു. അങ്ങനെ എന്തായാലും മമ്മൂട്ടിയുടെ പ്രോജക്റ്റ് ചെയ്യണം എന്ന് പറഞ്ഞിരിക്കുമ്പോൾ ആണ്. സംവിധായകൻ ടിഎസ് സുരേഷ് ബാബു പറയുന്നത് മമ്മൂട്ടിയുടെ ഡേറ്റ് തരാമെന്ന് പറഞ്ഞിട്ടുണ്ട്. ദിനേശ് ഒന്ന് ചെന്ന് കണ്ടാൽ നടക്കുമെന്ന്.
അങ്ങനെ മമ്മൂക്കയോട് ഞാൻ കഥയും എല്ലാം പറഞ്ഞു. വൺ ലൈൻ കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. കാളിയൂഞ്ഞാൽ എന്ന സിനിമയുടെ സെറ്റിൽ വെച്ച് അദ്ദേഹത്തിന് ഞാൻ അഡ്വാൻസ് കൊടുത്തു. അത് അവിടെ വെച്ച് തീരുമാനമാക്കി. വൺ ലൈൻ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. ദാമോദരൻ മാഷ് സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങി.
മൂന്ന് നാല് മാസം കൊണ്ട് അദ്ദേഹം സ്ക്രിപ്റ്റ് പൂർത്തിയാക്കി. ഞാൻ മുഴുവൻ വായിച്ച് കഴിഞ്ഞെങ്കിലും എനിക്ക് അത്ര തൃപ്തി വന്നില്ല. ദാമോദരൻ മാഷിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്ന ഒരു സാധനം കിട്ടിയില്ല. പിന്നെ രണ്ടു മിസ്റ്റിക്കുകൾ ഞാൻ അതിൽ കണ്ടു. ഒന്നാമത് അതിൽ സീനുകൾ കൂടുതൽ ആയിരുന്നു. 90, 95 മിനിറ്റ് ഉണ്ടായിരുന്നു.
സിനിമ ഏകദേശം ഒരു മൂന്ന് മണിക്കൂറെങ്കിലും വരും. ഞാൻ അത് സുരേഷ് ബാബുവിനോട് പറഞ്ഞു. സുരേഷ് ബാബു അത് ശരിയാക്കാം എന്ന് പറഞ്ഞു. അങ്ങനെ ഒന്ന് രണ്ടു മാസം വീണ്ടും പോയി. വിചാരിച്ച പോലെ ഒന്നും അനങ്ങിയില്ല.
ഒടുവിൽ ഒരു ദിവസം മമ്മൂക്കയെ കണ്ടു. സുരേഷ് ബാബു, അസോസിയേറ്റ് ടിഎസ് സജി, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു. ഞാൻ മമ്മൂക്കയോട് ഇപ്പോൾ ഈ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. മമ്മൂക്കയ്ക്ക് നൽകിയ അഞ്ച് ലക്ഷം അഡ്വാൻസ് പോയാലും കുഴപ്പമില്ല എന്ന ചിന്ത ആയിരുന്നു.
മമ്മൂക്ക എന്ത് പറ്റി എന്നൊക്കെ ചോദിച്ചു. മമ്മൂക്കയ്ക്ക് ദേഷ്യം വന്നു. സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ഇല്ലെന്ന് പറഞ്ഞു. അങ്ങനെ മമ്മൂക്ക മദ്രാസിലേക്ക് പോകാൻ എയർപോട്ടിൽ പോയി. പക്ഷെ ഫ്‌ളൈറ്റ് രണ്ടു മണിക്കൂർ ലെറ്റ് ആയിരുന്നു. അങ്ങനെ അവിടെ നടത്തിയ സംസാരത്തിൽ അദ്ദേഹം ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് താരം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ അപ്പോൾ കാലു മാറി. സമ്മതം മൂളി.
അങ്ങനെ സിനിമ ചെയ്തു, സ്റ്റാലിൻ ശിവദാസ്. എനിക്ക് സംതൃപ്തി വരുന്ന വിധത്തിൽ ചെറിയ ബഡ്ജറ്റിൽ പടം ചെയ്തു തീർത്തു. പക്ഷെ സിനിമ വിചാരിച്ച പോലെ വിജയിച്ചില്ല. മൂന്നാം ദിവസം സുരേഷ് ഗോപിയുടെ പത്രം കൂടി ഇറങ്ങിയതോടെ പടം താഴെ പോയി. എനിക്ക് അമ്പത് ലക്ഷം രൂപയുടെ നഷ്ടം വന്നു. ഞാൻ ഒരിക്കെ പറഞ്ഞിരുന്നു, മമ്മൂട്ടിയുടെ ഒരു ഫ്‌ളൈറ്റ് വൈകി, നഷ്ടം അമ്പത് ലക്ഷം എന്ന്,’ ദിനേശ് പണിക്കർ പറഞ്ഞു.