‘രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെട്ട കുടുംബം, പഠിപ്പിച്ചത് സ്പോൺസർ; ബിഗ് ബോസിന് ശേഷം അതിലായിരുന്നു ശ്രദ്ധ’
കൊച്ചി:മലയാളികൾക്ക് സുപരിചിതനായ നടനാണ് മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മണിക്കുട്ടൻ പിന്നീട് ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്കും ചുവടു വെച്ചു. ബിഗ് ബോസിൽ മത്സരാർത്ഥി ആയും മണിക്കുട്ടൻ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് മണിക്കുട്ടൻ.
ബിഗ് ബോസിന് ശേഷം ആ പ്രശസ്തി ഉപയോഗിക്കാത്തതിനെക്കുറിച്ചും മണിക്കുട്ടൻ സംസാരിച്ചു. ‘ഞാൻ പണ്ടേ സൈലന്റ് ആണ്. ഒരു ഷോ കഴിഞ്ഞിട്ട് നമ്മളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി പാട്ട് പാടുകയും ഡാൻസ് ചെയ്യുന്നതിനൊന്നും തെറ്റില്ല. പ്രേക്ഷകരോടുള്ള നന്ദി ആണത്. പക്ഷെ ഞാൻ സിനിമകളിലൂടെയും അല്ലാതെയും പ്രേക്ഷകർക്ക് മുന്നിൽ നിരവധി തവണ എത്തിയതാണ്’
‘എനിക്ക് പറയാനുള്ള കാര്യങ്ങൾ ബിഗ് ബോസ് വീട്ടിൽ പറഞ്ഞ് കഴിഞ്ഞു. ഇനി ആക്ടർ എന്ന രീതിയിൽ ഒരുപാട് വർക്ക് ചെയ്യണം. കഥാപാത്രങ്ങളെ കുറച്ച് കൂടി നല്ല രീതിയിൽ എങ്ങനെ അവതരിപ്പിക്കാം, ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ വേണ്ടി എന്തൊക്കെ ഹോം വർക്ക് ചെയ്യണം എന്നിവയെക്കുറിച്ചാണ് ആലോചിക്കുന്നത്. അത് കൊണ്ടാണ് കുറച്ച് നാൾ മാറി നിന്നത്’
‘നടനാവുക എന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. ഞാനെന്റെ വീട്ടിൽ നിന്നല്ല പഠിച്ചത്. എനിക്കൊരു സ്പോൺസർ ഉണ്ടായിരുന്നു. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല. രണ്ടറ്റം കൂട്ടി മുട്ടാൻ പാടു പെടുന്ന ഫാമിലി ആണ്. എന്റെ രണ്ട് ചേച്ചിമാർക്ക് ശേഷമുള്ള മകനാണ് ഞാൻ’
‘അവരുടെ ഏറ്റവും വലിയ പ്രതീക്ഷയും എന്നിലായിരുന്നു. ഇവനൊരു ജോലി കിട്ടുക. അതിലൂടെ ജീവിതം മുന്നോട്ട് പോവുക എന്നതായിരുന്നു. സിനിമയിലും സീരിയലിലും എന്തോ ഭാഗ്യം കൊണ്ടും ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ടും എത്തിപ്പറ്റി’
‘അത് കിട്ടാതായപ്പോൾ ഞാൻ വിചാരിച്ചു പഠിച്ച് ജോലി വാങ്ങാം എന്ന്. സ്വപ്നം എന്നത് ജോലി നേടി അച്ഛനെയും അമ്മയെയും നോക്കുക എന്നതായിരുന്നു. സിനിമാ ഫീൽഡിന് വരുന്നതിനിടെ അച്ഛന് കെഎസ്ആർടിസിയിൽ ജോലി കിട്ടി. അത് ആശ്വാസം ആയിരുന്നു. മുമ്പ് ഒരു ഫങ്ഷന് പോവുമ്പോൾ അച്ഛനെയും അമ്മയെയും ആരും മൈൻഡ് ചെയ്യാറു പോലുമില്ലായിരുന്നു’
‘ഞാൻ ഇൻഡസ്ട്രിയെത്തിയ ശേഷം അവരെ മണിക്കുട്ടന്റെ അച്ഛനും അമ്മയും എന്ന് പറഞ്ഞ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി”ഞങ്ങളുടെ കുടുംബത്തിൽ ആരും സിനിമയിലേക്ക് വന്നിട്ടില്ലായിരുന്നു. നീ മാക്സിമം ഇതിൽ തന്നെ ശ്രദ്ധിക്ക്. ബാക്കിയുള്ള കാര്യം നമുക്ക് എന്താണെന്ന് വെച്ചാൽ നോക്കാം എന്ന വാക്ക് അവർ തന്നിരുന്നു’
‘സിനിമാ ലോകത്ത് സ്ട്രഗിൾ ചെയ്തതിനെക്കുറിച്ചും മണിക്കുട്ടൻ സംസാരിച്ചു. എല്ലായിടത്തും നമുക്ക് സ്വീകാര്യത കിട്ടുക എന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യം ആണ്. ഒരുപാട് പ്രശ്നങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. അതിനെയൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണുന്നു. നമ്മളെ തളർത്താൻ പലർക്കും പറ്റും’
‘പക്ഷെ അവിടെ നമ്മൾ തളരണോ വളരണോ എന്നത് നമ്മുടെ കൈയിലാണ്. ആരൊക്കെ എന്ത് തന്നെ പറഞ്ഞാലും എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഉറപ്പായും ഞാൻ ചെയ്തിരിക്കും. അത് കൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും അതിൽ കൂടുതലായി ശ്രദ്ധിക്കാറില്ല,’ മണിക്കുട്ടൻ പറഞ്ഞു.