മോളി കണ്ണമാലിയ്ക്ക് കൈത്താങ്ങായി മെഗാസ്റ്റാര്‍ മമ്മൂട്ടി; ചികിത്സയ്ക്കുള്ള എല്ലാ സഹായങ്ങളും ഒരുക്കാമെന്ന് വാഗ്ദാനം
തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടര്‍ന്ന് തുടര്‍ന്ന് ചികിത്സിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന നടി മോളി കണ്ണമാലിക്ക് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കൈത്താങ്ങ്. ചികിത്സയ്ക്ക് വേണ്ടത് ഒരുക്കാമെന്ന് താരം കുടുംബത്തെ അറിയിച്ചതായി മോളിയുടെ മൂത്തമകന്‍ സോളി പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ അമ്മയുടെ അവസ്ഥ കണ്ടറിഞ്ഞാണ് മമ്മൂട്ടി സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത്. വലിയ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ് മമ്മൂക്കയുടെ വാക്കുകളെന്ന് സോളി പറയുന്നു.
‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സാര്‍ എത്തുന്നത്. അദ്ദേഹത്തിന്റെ പിഎ വീട്ടില്‍ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ ഉടന്‍ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിത്സയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മോളിയുടെ അവസ്ഥ വളരെ മോശമാണെന്ന് പുറംലോകം അറിഞ്ഞത്. ഒന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ താരം. ആറ് മാസക്കാലമായി ഏങ്ങും പോകാനാതെ വീട്ടില്‍ തന്നെ ഇരിപ്പാണ് അവര്‍. ഏതാനും മാസം മുമ്പ് കായംകുളത്ത് സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്‌സലിനിടയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്നാണ് വാല്‍വിന് തകരാറുള്ളതും, മൂന്ന് ബ്ലോക്ക് കണ്ടെത്തിയതും. മോളി ചേച്ചിയെ സഹായിക്കണമെന്ന് അപേക്ഷിച്ച് നടന്‍ ബിനീഷ് ബാസ്റ്റിനും ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു.