30.6 C
Kottayam
Wednesday, May 15, 2024

‘ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി’യായി മമ്മൂട്ടി; ‘കാതലി’ല്‍ മാത്യു ദേവസി

Must read

സമീപകാല മലയാള സിനിമയില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. ഭീഷ്‍മ പര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍. ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫറും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കവും വരാനിരിക്കുന്നു. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രവും ഇതിനകം സിനിമാപ്രേമികളുടെ ശ്രദ്ധ കവര്‍ന്ന ഒന്നാണ്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന കാതല്‍ എന്ന ചിത്രമാണ് അത്.

തമിഴ് താരം ജ്യോതിക മമ്മൂട്ടിയുടെ നായികയായി എത്തുന്നു എന്നതും കൌതുകമാണ്. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തിലെ മമ്മൂട്ടിയുടെയോ ജ്യോതികയുടെയോ കഥാപാത്രങ്ങളെക്കുറിച്ചോ പ്രമേയത്തെക്കുറിച്ചോ ഒന്നുമുള്ള വിവരങ്ങള്‍ പുറത്തെത്തിയിരുന്നില്ല. ഇപ്പോഴിതാ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന വിവരം പുറത്തെത്തിയിരിക്കുകയാണ്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ കഥാപാത്രം മത്സരിക്കുന്നുമുണ്ട്.

ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്ലക്സിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ലെക്സില്‍ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നുണ്ട്. 

റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ആദ്യ ചിത്രം. വരുന്ന ഐഎഫ്എഫ്കെയിലാണ് ഇതിന്‍റെ പ്രീമിയര്‍. അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ  പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ. 
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week