മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം പിഴയിട്ട് കോടതി

കൊല്‍ക്കൊത്ത: നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദ സ്വയം പിന്മാറി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിതമായ നീക്കങ്ങളുണ്ടായെന്ന് കൗശിക് ചന്ദ നിരീക്ഷിച്ചു.

മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുക്കൊണ്ടാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് സ്വയം പിന്മാറിയത്. സാധാരണ നിലയില്‍ പിന്മാറല്‍ ആവശ്യം കോടതിയിലാണ് ഉന്നയിക്കുന്നത്. എന്നാല്‍, തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുക്കൊണ്ട് ആക്ടിങ് ചീഫ് ജസ്റ്റിസിന് കത്ത് കൊടുക്കുകയായിരുന്നു മമത ബാനര്‍ജി. 2016ല്‍ ബിജെപിയുടെ നിയമകാര്യ സെല്ലിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ശേഖരിച്ചു വച്ചിരുന്നു.

താന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് തടയാന്‍, മാനസികമായി ബുദ്ധിമുട്ടിക്കുന്നത് അടക്കം ആസൂത്രിത ശ്രമങ്ങളുണ്ടായി. ഈ സാഹചര്യത്തില്‍ മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിടുകയാണെന്ന് ജസ്റ്റിസ് കൗശിക് ചന്ദ വ്യക്തമാക്കി. മമതയുടെ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ വാദം കേള്‍ക്കില്ല.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനത്തുള്ളവരാണ് കേസിലെ കക്ഷികള്‍. അവസരം മുതലെടുക്കുന്നവര്‍ ജുഡിഷ്യറിയുടെ സംരക്ഷകരെന്ന മട്ടില്‍ അവതരിച്ചിട്ടുണ്ട്. താന്‍ പിന്മാറിയില്ലെങ്കില്‍ ഈ പ്രശ്‌നക്കാര്‍ വിവാദം സജീവമാക്കി നിര്‍ത്തുമെന്നും ജസ്റ്റിസ് കൗശിക് ചന്ദ നിരീക്ഷിച്ചു. നന്ദിഗ്രാമിലെ ബിജെപിയുടെ സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മമത ബാനര്‍ജിയുടെ ഹര്‍ജിയാണ് കൊല്‍ക്കത്ത ഹൈക്കോടതിക്ക് മുന്നിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News