ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ പ്രതികരിച്ച മാലദ്വീപ് മന്ത്രിക്കെതിരെ മാലദ്വീപ് മുന്‍ പ്രസിഡന്റ്. ഭയപ്പെടുന്ന ഭാഷാപ്രയോഗമാണ് മാലദ്വീപ് മന്ത്രി നടത്തിയതെന്നു മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ മറിയം ഷിവുനയാണു എക്‌സ് പ്ലാറ്റ്ഫോമില്‍ മോശം വാക്കുകളുപയോഗിച്ചു പ്രതികരിച്ചത്. മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്‌സൂം മാജിദും നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. മാലദ്വീപിനെ ലക്ഷ്യം വച്ചുകൊണ്ടാണ് മോദിയുടെ സന്ദര്‍ശനം എന്നായിരുന്നു മാജിദിന്റെ പ്രസ്താവന. മന്ത്രിമാര്‍ വാക്കുകള്‍ സൂക്ഷിക്കണമെന്നു മുഹമ്മദ് നഷീദ് പറഞ്ഞു.
”മാലിദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായം നല്‍കുന്ന സഖ്യത്തിന്റെ നേതാവിനെതിരെ എന്തുതരം ഭയാനകമായ ഭാഷയാണു പ്രയോഗിക്കുന്നത്. സര്‍ക്കാര്‍ ഇത്തരം അഭിപ്രായങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയും അവ സര്‍ക്കാര്‍ നയത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കുകയും വേണം” – നഷീദ് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റര്‍ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം ട്വിറ്ററില്‍ മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത്. മാലദ്വീപ് മന്ത്രിമാരുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതിഷേധമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ മറിയം എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നും പരാമര്‍ശം നീക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ സ്‌നോര്‍കെല്ലിങ് നടത്തുകയും ലക്ഷദ്വീപിന്റേതു മാസ്മരിക ഭംഗിയാണെന്ന് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിക്കുകയും ചെയ്തു. സഞ്ചാരികള്‍ തങ്ങളുടെ പട്ടികയില്‍ ലക്ഷദ്വീപിനെക്കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കുറിച്ചു. ഇത് മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മന്ത്രിമാര്‍ മോദിക്കെതിരെ പ്രസ്താവന നടത്തിയത്. ഇന്ത്യക്കാരുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മാലദ്വീപ്.
മന്ത്രിമാരുടെ പരാമര്‍ശത്തിനെതിരെ ‘മാലദ്വീപിനെ ബഹിഷ്‌കരിക്കുക’ എന്ന പരാമര്‍ശവുമായി നിരവധിപ്പേരാണ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തിയത്. മാലദ്വീപില്‍ അവധി ആഘോഷിക്കാനുള്ള തീരുമാനം റദ്ദാക്കിയെന്നും നിരവധിപ്പേര്‍ അറിയിച്ചു. വിമാനടിക്കറ്റ് റദ്ദാക്കിയതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സഹിതമാണ് ചിലര്‍ സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചത്.