InternationalNews

മോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമർശം;അതൃപ്തി അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ മോശം പരാമർശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. മാലിദ്വീപ് യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോദിക്കെതിരെ മോശം പരാമർശം നടത്തിയത്. പരാമർശം വിവാദമായതിന് പിന്നാലെ ട്വീറ്റുകൾ മന്ത്രി നീക്കിയിരുന്നു.

മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിയുടേത് സര്‍ക്കാരിന്‍റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് മാലദ്വീപിന്റെ പ്രസ്താവന. 

മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയത്. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും മന്ത്രി പങ്കുവച്ചിരുന്നു. മാലദ്വീപിലെ ഒരു എംപിയും സമാനരീതിയിൽ പരാമർശം നടത്തിയിരുന്നു. ഈ പരാമർശങ്ങൾ വലിയ വിവാദമായി.

സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നു. മാലദ്വീപ് മുൻ പ്രധാനമന്ത്രി മൊഹമ്മദ് നഷീദുൾപ്പടെ മന്ത്രിക്കെതിരെ രംഗത്തുവന്നു. ഇന്ത്യക്കെതിരായ പരാമർശം സർക്കാർ നയമല്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബോളിവുഡ് താരങ്ങളുൾപ്പടെ പരാമർശം അപലപിക്കുന്നതിനൊപ്പം വിനോദയാത്രകൾക്കായി ലക്ഷദ്വീപുൾപ്പടെയുള്ള ഇന്ത്യൻ ദ്വീപുകളെ പരിഗണിക്കണമെന്നും ആഹ്വാനം ചെയ്തു.  സംഭവത്തിൽ ഇന്ത്യ മാലദ്വീപിനെ കടുത്ത അതൃപ്തി അറിയിച്ചു. 

മാലിദ്വീപിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയാണ് ഭരണകൂടത്തെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചത്. അപകടം മണത്തറിഞ്ഞ മന്ത്രി ട്വീറ്റുകൾ നീക്കം ചെയ്തു. തുടർന്നാണ് മന്ത്രിയുടെ പരാമർശം തള്ളി മാലദ്വീപ് പ്രസ്താവനയിറക്കിയത്.

മന്ത്രിയുടെ പരാമർശം സർക്കാറിന്റെ അഭിപ്രായമല്ല, പ്രസ്താവനകൾ, വിദ്വേഷം പ്രചരിപ്പിക്കുന്നതോ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതോ ആകരുത്. അപകീർത്തികരമായ പരാമർശം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും മാലദ്വീപിന്റെ പ്രസ്താവനയിൽ പറയുന്നു. അതേസമയം, മന്ത്രിക്കെതിരെ നടപടിയെടുത്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker