അബുദാബിയില്‍ വാഹനാപകടത്തില്‍ ഉറ്റ സുഹൃത്തുക്കളായ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിയില്‍ ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിണറ്യാ പാണ്ഡ്യാല പറമ്പില്‍ മെഹ്ഫില്‍ വീട്ടില്‍ റഫിനീദ്(28), സുഹൃത്ത് അഞ്ചരക്കണ്ടിയിലെ നടുക്കണ്ടി കണ്ണോത്ത് റാഷിദ്(28) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഇന്നലെ വെളുപ്പിനെ ആണ് അപകടം ഉണ്ടായത്.

ഇരുവരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. അവധി ദിവസത്തില്‍ പതിവ് പോലെ ഒരുമിച്ച് യാത്രക്ക് ഇറങ്ങിയതായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്. കബറടക്കം പിന്നീട് നാട്ടില്‍ നടക്കും. അബുദാബിയിലെ അഡ്മി കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആണ് റാഷിദ്. കാസിം-റസിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റഊഫ്, റംസാസ്, റഫീല (അബുദാബി), റിഷാന, റൈഹാനത്ത്(ദുബായ്).

അബുദാബി പോലീസ് ഡീപ്പോര്‍ട്ടേഷന്‍ സെന്ററില്‍ ഓഫിസ് ബോയ് ആയ റഫിനീദ് ഔട്ട്സോഴ്സിങ് കമ്പനിയായ മി സര്‍വീസസിന്റെ ജീവനക്കാരനാണ്. റാബിയയുടെയും റഹീമിന്റെയും മകനാണ്. സഹോദരി: ഷാമില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News