ന്യൂഡൽഹി: മിന്നൽ പ്രളയമുണ്ടായ മണാലിയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. മെഡിക്കൽ കോളേജുകളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള 18 പേരും കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പോയ 27 പേരുമാണ് പാതകൾ അടച്ചതിനെത്തുടർന്ന് മണാലിയിൽ കുടുങ്ങിയത്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.
ഹൗസ് സർജൻസി പൂർത്തിയാക്കിയ അവസാന ദിവസമായിരുന്ന ജൂൺ 27നായിരുന്നു തൃശ്ശൂരിൽ നിന്നുള്ള സംഘം മണാലിയിലേക്ക് പോയത്. മൊബൈൽ ടവറുകൾക്ക് റെയ്ഞ്ച് ഇല്ലാത്തതിനാൽ വിദ്യാർത്ഥികളെ നേരിട്ട് ബന്ധപ്പെടാനായിട്ടില്ല. ഡൽഹിയിലെ കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കുടുങ്ങിക്കിടക്കുന്നവരുമായി സംസാരിച്ചിരുന്നു. ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് വിദ്യാർത്ഥികൾ കെ വി തോമസിനെ അറിയിച്ചത്. ഹിമാചൽ സർക്കാരുമായി സംസാരിച്ച കെ വി തോമസ് ഭക്ഷണം എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് വിദ്യാർത്ഥികൾ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് വിളിച്ചത്. ഹോട്ടൽ മുറികളിൽ ഒറ്റപ്പെട്ടിരിക്കുകയാണെന്നാണ് വിദ്യാർത്ഥികൾ അറിയിച്ചത്. റോഡ് ഗതാഗതയോഗ്യമായാൽ വിദ്യാർത്ഥികളെ ഉടൻ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും കെ വി തോമസ് പറഞ്ഞു.
ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴക്കിടെയാണ് ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം ഉണ്ടായത്. അതേസമയം ഹിമാചൽപ്രദേശിൽ ഇന്നും കനത്ത മഴയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിൽ 22 മരണമാണ് റിപ്പോർട്ട് ചെയ്തത്.