KeralaNews

മലയാളി വിദ്യാര്‍ഥിനി മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: മലയാളി വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ തൂമ്ബുങ്കല്‍ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിലാണ് നീനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയാണ്.

ഫീസടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളജ് അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്ത് നീന ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രി നീനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഒപ്പം താമസിക്കുന്നവര്‍ ഉടന്‍ മംഗളൂരുവിലെ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര നിലയിലായിരുന്ന പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഫീസടയ്ക്കാന്‍ വൈകിയതിന് കോളജ് അധികൃതര്‍ നീനയെ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഇക്കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

കോളജ് അധികൃതര്‍ ദിവസവും അരമണിക്കൂര്‍ നേരം മാത്രമേ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുള്ളൂവെന്നും മാതാവിനോട് സംസാരിക്കാന്‍ കഴിയാത്തതില്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നും സഹപാഠികള്‍ പറഞ്ഞു. നേരത്തെ കണ്ണൂരില്‍ താമസിച്ച് വന്നിരുന്ന പെണ്‍കുട്ടിയും കുടുംബവും സമീപ കാലത്താണ് കാസര്‍കോട് ചിറ്റാരിക്കാലിലേക്ക് താമസം മാറിയത്. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button