തിരുവനന്തപുരം: മലയാളിയായ മോഷണക്കേസ് പ്രതി കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരം വലിയതുറ സ്വദേശി വിനോദാണ് ബുധനാഴ്ച രാവിലെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. കര്‍ണാടകയിലെ ഹെന്നൂര്‍ പോലീസാണ് മോഷണമുതല്‍ വീണ്ടെടുക്കാനായി വിനോദിനെ തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാല്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെ തമ്പാനൂരിലെ ലോഡ്ജില്‍നിന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
സ്വര്‍ണമോഷണക്കേസിലാണ് വിനോദിനെ ഹെന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം തിരുവനന്തപുരത്തെ ജൂവലറിയില്‍ വിറ്റെന്നായിരുന്നു പ്രതിയുടെ മൊഴി. തുടര്‍ന്നാണ് എസ്.ഐ. അടക്കമുള്ളവര്‍ വിനോദുമായി ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയത്. ഇതിനിടെ, വിനോദ് തമ്പാനൂരിലെ ലോഡ്ജില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. പ്രതി രക്ഷപ്പെട്ടെന്ന് മനസിലായതോടെ കര്‍ണാടക പോലീസ് ഉടന്‍തന്നെ വിവരം തമ്പാനൂര്‍ പോലീസിനെ അറിയിച്ചു. തമ്പാനൂര്‍ പോലീസ് ജില്ലയിലെ മറ്റു സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അതേസമയം, കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ വിനോദ് ഒരു അഭിഭാഷകനുമായി സംസാരിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ജൂവലറിയില്‍നിന്ന് കൂടുതല്‍ സ്വര്‍ണം എടുത്തുനല്‍കണമെന്ന് പോലീസ് നിര്‍ബന്ധിക്കുകയാണെന്നും കര്‍ണാടക പോലീസ് കൊല്ലുമെന്ന ഭയത്താലാണ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടതെന്നുമാണ് ഇയാള്‍ പറയുന്നത്.
ബ്രിട്ടനിലേക്ക് പോകാനായാണ് ബന്ധുവായ ഒരു സ്ത്രീയില്‍നിന്ന് സ്വര്‍ണം വാങ്ങിയത്. അത് 200 ഗ്രാം പോലും ഇല്ല. ആ സ്ത്രീ വീട്ടുകാര്‍ അറിയാതെയാണ് തനിക്ക് സ്വര്‍ണം നല്‍കിയത്. സംഭവം വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ അവര്‍ നിര്‍ബന്ധിച്ചിട്ടാണ് സ്ത്രീ പരാതി നല്‍കിയത്. ഇപ്പോള്‍ സ്വര്‍ണം വിറ്റ ജൂവലറിയില്‍നിന്ന് 500 ഗ്രാം സ്വര്‍ണം താന്‍ വീണ്ടെടുത്ത് നല്‍കണമെന്നാണ് കര്‍ണാടക പോലീസുകാര്‍ പറയുന്നത്. കൂടുതല്‍ സ്വര്‍ണം എടുത്തുനല്കിയാല് അതിനുള്ള കമ്മിഷന് തരാമെന്നും പറഞ്ഞു. കൂടുതല്‍ സ്വര്‍ണം ജൂവലറിയില്‍നിന്ന് നല്‍കിയില്ലെങ്കില്‍ തന്നെ അടിച്ചുകൊല്ലുമെന്നാണ് പോലീസുകാര്‍ പറഞ്ഞതെന്നും വിനോദിന്റെ ശബ്ദരേഖയിലുണ്ട്.