മുള്ളൻപന്നികളടക്കം 109 ജീവികൾ ബാഗിൽ; രണ്ട് ഇന്ത്യൻ യുവതികൾ പിടിയിൽ
ബാങ്കോക്ക്: നൂറിലധികം ജീവികളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികളെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തതായി തായ്‌ലന്‍ഡ് അധികൃതര്‍ അറിയിച്ചു. ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 109 ജീവികളെ ഇവര്‍ കടത്തിയത്.
രണ്ട് സ്യൂട്ട്‌കേസുകളില്‍ അടച്ച നിലയില്‍ കടത്തുകയായിരുന്ന ജീവികളെ എക്‌സ്-റേ പരിശോധനയിലാണ് കണ്ടെത്തിയതെന്ന് തായ്‌ലന്‍ഡിന്റെ വനം-വന്യജീവി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രണ്ട് വെളുത്ത മുള്ളന്‍പന്നികള്‍, രണ്ട് ഇത്തിള്‍പന്നികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്പുകള്‍ എന്നിവയെയാണ് പെട്ടികളില്‍ നിന്ന് കണ്ടെത്തിയത്.
ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ നിത്യ രാജ, സാക്കിയ സുല്‍ത്താന ഇബ്രാഹിം എന്നിവരുടേതാണ് ജീവികളെ കണ്ടെത്തിയ സ്യൂട്ട്‌കേസുകള്‍. വന്യജീവി സംരക്ഷണ നിയമം, കസ്റ്റംസ് നിയമം എന്നിവയനുസരിച്ച് ഇരുവരേയും അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
ജീവികളെ എന്താവശ്യത്തിനാണ് യുവതികള്‍ കടത്താനൊരുങ്ങിയതെന്നോ പിടിച്ചെടുത്ത ശേഷം അവയെ എങ്ങോട്ട് മാറ്റിയെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളങ്ങള്‍ വഴി മൃഗങ്ങളെ കടത്തുന്നത് ദീര്‍ഘകാലമായി ഈ മേഖലയില്‍ അധികൃതര്‍ക്ക് തലവേദനയാകുന്നുണ്ട്. തായ്‌ലന്‍ഡില്‍ നിന്ന് കടത്തിയ 70,000 ത്തോളം തദ്ദേശ, അസാധാരണ ജീവികളെ 18 ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് 2011-2020 കാലത്ത് പിടികൂടിയതായാണ് റിപ്പോര്‍ട്ട്.