മലാപ്പറമ്പ് പെണ്‍വാണിഭക്കേസ്; അറസ്റ്റിലായ പോലീസുകാര്‍ക്ക് ജാമ്യം 

കോഴിക്കോട്: മലാപ്പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാര്‍ക്ക് ജാമ്യം ലഭിച്ചു. കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍മാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവര്‍ക്കാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നാല് ജാമ്യം അനുവദിച്ചത്. കേസിലെ 11, 12 പ്രതികളാണ് ഇവര്‍.

താമരശ്ശേരി കോരങ്ങാട് മൂന്നാംതോടിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പെണ്‍വാണിഭറാക്കറ്റുമായുള്ള ബന്ധം വ്യക്തമായ സാഹചര്യത്തില്‍ ഇരുവരെയും സര്‍വീസില്‍ നിന്ന് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ടുമെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭകേന്ദ്രം ജൂണ്‍ ആറാംതീയതിയാണ് നടക്കാവ് പോലീസ് റെയ്ഡ് ചെയ്തത്. നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശി ബിന്ദുവിനെയടക്കം ഒമ്പതുപേരെയാണ് ഇവിടെനിന്ന് പോലീസ് അറസ്റ്റുചെയ്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പോലീസുകാര്‍ക്കും ഇവരുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയത്. പിന്നാലെ ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News