ഇറാന്‍-ഇസ്രായേല്‍ യുദ്ധം; യുഎഇയില്‍നിന്നുള്ള ചില വിമാനങ്ങള്‍ വൈകും, വഴിമാറ്റിവിടും

അബുദാബി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍നിന്നുള്ള ചില വിമാനങ്ങള്‍ വൈകിയേക്കും. ഇറാന്‍, ഇറാഖ്, ഇസ്രായേല്‍ എന്നിവിടങ്ങലേക്കും മേഖലയിലെ മറ്റ് ചില ഭാഗങ്ങളിലേക്കും യുഎഇയില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കുകയോ കാലതാമസം നേരിടുകയോ ചെയ്യുന്നുണ്ടെന്ന് അബുദാബി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് യുഎഇയില്‍നിന്നുള്ള ഇത്തിഹാദ്, ഫ്ളൈദുബായ്, എമിറേറ്റ്സ്, എയര്‍അറേബ്യ എന്നീ വിമാനങ്ങള്‍ക്കാണ് തടസ്സം നേരിടുന്നത്. ചില എയര്‍ലൈനുകള്‍ റൂട്ട് മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലൂടെ മിഡിലീസ്റ്റിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും കാലതാമസങ്ങളും റദ്ദാക്കലുകളും തുടരുന്നതിനാല്‍ റീബുക്കിങ് ഓപ്ഷനുകള്‍ പരിഗണിക്കാനും വിമാന കമ്പനി അധികൃതര്‍ അഭ്യര്‍ഥിച്ചു.

നിലവിലുള്ള പ്രാദേശിക സംഘര്‍ഷങ്ങളും വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍ ജോര്‍ദാന്‍ (അമ്മാന്‍), ലെബനന്‍ (ബെയ്റൂത്ത്), ഇറാന്‍ (ടെഹ്‌റാന്‍), ഇറാഖ് (ബാഗ്ദാദ്, ബസ്ര) എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ മാസം 30 വരെ നിര്‍ത്തിവച്ചു. ജോര്‍ദാന്‍, ലെബനന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ മാസം 22 വരെയും നിര്‍ത്തിവച്ചിട്ടുണ്ട്. ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, സിറിയ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഈ മാസം 30 വരെ നിര്‍ത്തിവെച്ചതായി ഫ്ളൈ ദുബായ് അറിയിച്ചു.

അബുദാബിയില്‍നിന്നുള്ള വിസ് എയര്‍ സെപ്റ്റംബര്‍ 15 വരെ ടെല്‍ അവീവ്, അമ്മാന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നില്ല. കൂടാതെ ഇസ്രായേല്‍, ഇറാഖ്, ഇറാന്‍, സിറിയന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കുന്നതും വിസ് എയര്‍ ഒഴിവാക്കും. ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസ് ഈ മാസം 22 വരെ നിര്‍ത്തിവച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിട്ടേക്കാമെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. യാത്രക്കാര്‍ ഇത്തിഹാദ് വെബ്സൈറ്റ് വഴിയോ +971 600 555 666 എന്ന നമ്പറിലൂടെയോ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടികളെന്നും അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News