പെരിന്തൽമണ്ണ: വിവാഹത്തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ച സംഭവം എല്ലാവരെയും ഞെട്ടിച്ചിരുന്നു. മലപ്പുറം പാതായ്ക്കര സ്‌കൂൾ പടിയിലാണ് സംഭവം ഉണ്ടായത്. വൈകിട്ടു വീട്ടിൽവെച്ചു നടന്ന മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെയാണ് 19കാരിയായ വധു കുഴഞ്ഞു വീണത്. സംഭവത്തിൽ യുവതിയുടെ മരണത്തിലേക്ക് നയിച്ച സംഭവം എന്നതാണെന്നതിൽ വ്യക്തത വന്നിട്ടില്ല. ഫാത്തിമ ബത്തൂൽ എന്ന പെൺകുട്ടിയാണ് ദാരുണമായി മരിച്ചത്.
മൈലാഞ്ചിക്കല്യാണത്തിനു ബന്ധുക്കളെല്ലാം വീട്ടിലെത്തിയ സമയത്ത് ഇവരോടൊപ്പം മണവാട്ടി വേഷമണിഞ്ഞ് പെൺകുട്ടി ഫോട്ടോയ്ക്കു പോസ് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഫാത്തിമ കുഴഞ്ഞുവീണത്. ഉടൻ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് ഇസിജിയും മറ്റു പരിശോധനകളും നടത്തിയിരുന്നു.
പരിശോധന നടത്തിയ ഡോക്ടർ സൈലന്റ് അറ്റാക്കാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർ ഇൻക്വസ്റ്റ് നടപടികൾക്കെത്തിയ പെരിന്തൽമണ്ണ പ്രൊബേഷൻ എസ്‌ഐ തുളസിയോടാണ് ഇക്കാര്യം പറഞ്ഞത്.
ഫാത്തിമയുടെ മരണകാരണത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പൂർണമായ വിശദാംശങ്ങളും ഫോറൻസിക് റിപ്പോർട്ടും ലഭിക്കണമെന്നാണ് പെരിന്തൽമണ്ണ പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധനയ്ക്കായി പെൺകുട്ടിയുടെ ആന്തരിക അവയവങ്ങൾ പരിശോധനക്കയിച്ചിട്ടുണ്ട്.
മൂർക്കാനാട് സ്വദേശിയുമായി ആയിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും മുസ്ലിം മതാചാരപ്രകാരമുള്ള വിവാഹം (നിക്കാഹ്) നേരത്തെ കഴിഞ്ഞിരുന്നു. ശനിയാഴ്‌ച്ച വധുവിനെ വരന്റെ വീട്ടിലേക്കു കൂട്ടുക്കൊണ്ടുപോകലും വിവാഹ സൽക്കാരവുമാണ് നടത്താൻ തീരുമാനിച്ചിരുന്നത്. അതിനിടയിലാണ് ദുരന്തം എത്തിയത്.
പാതായ്ക്കര സ്‌കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകളാണ് ഫാത്തിമ ബത്തൂൽ. വിവാഹാഘോഷത്തിന്റെ ഭാഗമായി ബന്ധക്കളും അയൽവാസികളും ഉൾപ്പെടെ വീട്ടിലെത്തിയിരുന്നു. രാത്രി ഭക്ഷണവും ഒരുക്കിയിരുന്നു. ഇതിനിടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫാത്തിമ ബത്തൂൽ ഫോട്ടോയെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
പെൺകുട്ടി കുഴഞ്ഞു വീണതിനു പിന്നാലെ ഏവരും ചേർന്നു വീടിനടത്തുള്ള ഇ.എം.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൈലാഞ്ചിക്കല്ല്യാണത്തിന് അണിഞ്ഞ വേഷത്തിലായിരുന്നു മരണപ്പെട്ട ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചത്. രാത്രി വധു കുഴഞ്ഞു വീണതോടെ ഏവരും ഞെട്ടലിലായിരുന്നു. എന്താണു സംഭവിച്ചതെന്നുപോലും വീട്ടുകാർക്കു മനസ്സിലായിരുന്നില്ല.