News

കര്‍ണാടകയിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് വിലക്ക് ഭയാനകം; മുസ്ലിം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കൂവെന്ന് ഇന്ത്യയോട് മലാല

രാജ്യത്ത് വലിയ ചര്‍ച്ചയാകുന്ന സ്‌കൂളിലും കോളേജിലും ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിക്ക് എതിരെ പ്രതികരണവുമായി മലാല യൂസുഫ്സായ്. കര്‍ണാടകയിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് എത്തുന്നതിനെ എതിര്‍ക്കുന്നത് ഭയാനകമാണെന്ന് ആക്ടിവിസ്റ്റും സമാധാന നൊബേല്‍ ജേതാവുമായ മലാല പ്രതികരിച്ചു.

ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണ്. ഇന്ത്യന്‍ നേതാക്കള്‍ മുസ്ലിം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും മലാല ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ‘പഠനവും ഹിജാബും തിരഞ്ഞെടുക്കാന്‍ കോളേജ് ഞങ്ങളെ നിര്‍ബന്ധിക്കുന്നു. ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണ്. ഇന്ത്യന്‍ നേതാക്കള്‍ മുസ്ലിം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം.’-മലാല പറഞ്ഞു.

വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷത്തിന് വഴിവെച്ചത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകയിലെ എല്ലാ ഹൈസ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജ് വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈകോടതിയെ സമീപിച്ചു. ശിരോവസ്ത്രം ധരിക്കുന്നത് സ്വകാര്യതയുടെ കാര്യമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അധ്യക്ഷനായ ബെഞ്ച്, സര്‍ക്കാര്‍ ഉത്തരവ് സ്വകാര്യതയുടെ അതിര്‍ത്തി ലംഘിച്ചിരിക്കുന്നുവെന്ന് നിരീക്ഷിച്ചു.

വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി.ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളേജിലടക്കം വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഹിജാബ് ധരിച്ചും കാവി ഷാള്‍ അണിഞ്ഞും സംഘം തിരിഞ്ഞായിരുന്നു സംഘര്‍ഷം. പരസ്പരം കല്ലേറും മുദ്രാവാക്യം വിളിയും ആയതോടെ കോളേജിനകത്ത് തുടങ്ങിയ സംഘര്‍ഷം തെരുവിലേക്ക് വ്യാപിച്ചു. പ്രതിഷേധ റാലിക്കിടെ വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.

ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞതിനെതിരെ വിവിധയിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു. കാവി ഷാളും കാവി തൊപ്പിയും ധരിച്ചാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കോളേജുകളിലെത്തിയത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈസ്സ്‌കൂളുകളും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി നല്‍കി. സമാധാനം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്നും വികാരങ്ങള്‍ മാറ്റിനിര്‍ത്തി ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണമെന്നും കര്‍ണാടക ഹൈക്കോടതി ചൂണ്ടികാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button