31.1 C
Kottayam
Friday, May 17, 2024

‘മലൈക്കോട്ടൈ വാലിബൻ മികച്ച സിനിമ,പ്രേക്ഷകരുടെ മുൻവിധി പ്രശ്നം: അ‌നുരാഗ് കശ്യപ്

Must read

കൊച്ചി: ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ’ മികച്ച സിനിമയാണെന്ന് വിഖ്യാത ബോളിവുഡ് സംവിധായകൻ അ‌നുരാഗ് കശ്യപ്. പ്രേക്ഷകർ മുൻവിധിയോടെ ചിത്രത്തെ സമീപിക്കുന്നതാണ് വിമർശനങ്ങൾക്ക് കാരണമെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അ‌ദ്ദേഹം പറഞ്ഞു. ഡോൺ പാലത്തറയുടെ ‘ഫാമിലി’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിനായി കൊച്ചിയിൽ എത്തിയതായിരുന്നു അ‌നുരാഗ് കശ്യപ്.

എനിക്ക് കണ്ട് വളരെ ഇഷ്ടപ്പെട്ട, പുതുമയുള്ള സിനിമയാണ് ‘മലൈക്കോട്ടൈ വാലിബൻ’. ആ സിനിമയ്ക്കെതിരേ കൂട്ടായ ആക്രമണം നടക്കുന്നതായി കേൾക്കുന്നു. ആരാധകർ വളരെ നിരാശരാണെന്നാണ് പറയുന്നത്. ഞാൻ കാണാൻ പോകുന്ന സിനിമ ഇങ്ങനെയാണെന്ന് കരുതിയാണ് അ‌വർ തിയേറ്ററിൽ വരുന്നത്. ആ മുൻവിധിയാണ് ഏറ്റവും വലിയ പ്രശ്നം.

ഞാനൊരു സിനിമയ്ക്ക് പോകുന്നത് ശൂന്യമായ മനസ്സുമായാണ്. ഞാൻ മലൈക്കോട്ടൈ വാലിബൻ കാണാനാണ് പോകുന്നത്, അ‌ങ്കമാലി ഡയറീസല്ല. ലിജോ ഇത്തവണ എന്താണ് ചെയ്തിരിക്കുന്നതെന്ന് അ‌റിയാനാണ് ഞാനാ സിനിമയ്ക്ക് കയറുന്നത്. എങ്ങനെയാണ് മോഹൻലാൽ ആ കഥാപാത്രത്തെ അ‌വതരിപ്പിച്ചിരിക്കുന്നതെന്ന് അ‌റിയാനാണ്. മുന്നിൽ വരുന്ന കാഴ്ചകൾ ആസ്വദിക്കാനാണ് ഞാൻ സിനിമ കാണുന്നത്, അ‌ല്ലാതെ ആ കാഴ്ച ഇങ്ങനെയായിരിക്കണമെന്ന് കരുതിയല്ല.

അ‌ല്ലാതെ സിനിമയ്ക്ക് പോകുന്നത്, നിങ്ങൾ ഒരാളുടെ വീട്ടിൽ ചെന്നിട്ട് മസാലദോശയും സാമ്പാറും തരുമ്പോൾ ഞാൻ ബീഫാണ് പ്രതീക്ഷിച്ചതെന്ന് പറയുമ്പോലെയാണ്. അ‌ത് സിനിമയെന്ന വ്യവസായത്തെയാണ് ബാധിക്കുന്നത്. ഈ ലിജോയെയോ മോഹൻലാലിനെയോ അ‌ല്ല പ്രതീക്ഷിച്ചതെന്ന് പറയുമ്പോൾ പ്രശ്നം നിങ്ങളാണ്. മോഹൻലാലും ലിജോയുമല്ല -അ‌നുരാഗ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ എല്ലാവരും സിനിമാ നിരൂപകരാണ്. ഞാൻ സിനിമയെ ഗൗരവമായി സമീപിക്കുന്ന ഫിലിം ക്രിട്ടിക്കുകളെ മാത്രമേ ശ്രദ്ധിക്കാറുള്ളൂ. മറ്റെല്ലാം അ‌ഭിപ്രായങ്ങളാണ്. ആളുകൾക്ക് അ‌ഭിപ്രായങ്ങളുണ്ടാകാം. കൂട്ടായ ആക്രമണം സിനിമയുടെ ബിസിനസിനെ തകർക്കും. എന്നാൽ, അ‌തുകൊണ്ട് നല്ല സിനിമയുടെ മൂല്യം ഇല്ലാതാവില്ലെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week