NewsOtherSports

പുതുചരിത്രമെഴുതി രോഹന്‍ ബൊപ്പണ്ണ,43 ാം വയസില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

മെല്‍ബണ്‍: ടെന്നീസിലെ ലോകറെക്കോഡിനും പദ്മശ്രീ നേട്ടത്തിനും പിന്നാലെ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും. ശനിയാഴ്ച നടന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി – ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-6 (7-0), 7-5) കീഴടക്കിയായിരുന്നു ബൊപ്പണ്ണയുടെയും പങ്കാളി ഒാസ്‌ട്രേലിയയുടെ മാത്യു എബ്ദെന്റെയും കിരീട നേട്ടം.

ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടവും ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരം കൂടിയാണ് ബൊപ്പണ്ണ. മിക്‌സഡ് ഡബിള്‍സിലായിരുന്നു കിരീട നേട്ടം. 2017-ല്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണിലായിരുന്നു കിരീട നേട്ടം.

രണ്ടു സെറ്റിലും കടുത്ത പോരാട്ടമാണ് ഇറ്റാലിയന്‍ സഖ്യത്തില്‍ നിന്ന് രോഹന്‍ ബൊപ്പണ്ണ – മാത്യു എബ്ദെന്‍ സഖ്യത്തിന് നേരിടേണ്ടിവന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് ബൊപ്പണ്ണ – എബ്ദെന്‍ സഖ്യം സ്വന്തമാക്കിയത്. രണ്ടാം സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിലും സ്വന്തമാക്കി. ഒരു മണിക്കൂറും 39 മിനിറ്റുമാണ് മത്സരം നീണ്ടത്.

പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. ലിയാണ്ടര്‍ പെയ്സും മഹേഷ് ഭൂപതിയും ഇതിനു മുമ്പ് ഗ്രാന്‍സ്ലാം കിരീടം കിരീടം നേടിയ ഇന്ത്യക്കാര്‍. സാനിയ മിര്‍സയ്ക്കും ഡബിള്‍സ് കിരീടമുണ്ട്.

നേരത്തേ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടവും ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സെമിയില്‍ പ്രവേശിച്ചതോടെയാണ് 43-കാരനായ ബൊപ്പണ്ണ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അടുത്തയാഴ്ച റാങ്കിങ് പുതുക്കുന്നതോടുകൂടി പുരുഷ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തും. ഇതോടെ ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ ഒന്നാം റാങ്കുകാരനെന്ന നേട്ടം ഈ 43-കാരനെ കാത്തിരിക്കുകയാണ്.

റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്നു. 2022 ഒക്ടോബറില്‍ തന്റെ 38-ാം വയസിലാണ് രാജീവ് തന്റെ കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. അടുത്തയാഴ്ച രാജീവിന്റെ ഈ റെക്കോഡ് ബൊപ്പണ്ണയ്ക്കു മുന്നില്‍ വഴിമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker