കൊച്ചി:തമിഴ് ചിത്രം ‘ജയിലറി’ൽ കാമിയോ റോളിലെത്തിയ മോഹൻലാലിന് വലിയ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. പിന്നാലെ വന്ന ചർച്ചകളിൽ ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ന്മേലുള്ള പ്രതീക്ഷയും ആളുകൾ പങ്കുവെച്ചു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’നൊപ്പം വാലിബനും ക്രിസ്മസ് റിലീസാകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബറോസ് ക്രിസ്മസ് റിലീസായി ഡിസംബർ 21ന് എത്തുമെന്നത് താരം സ്ഥിരീകരിച്ചതാണ്. 16 ഭാഷകളിൽ അറുപതിലധികം രാജ്യങ്ങളിലാണ് ഇതേദിവസം ചിത്രമെത്തുക. ഡിസംബർ 22ന് ‘മലൈക്കോട്ടൈ വാലിബനാ’യി തയ്യാറെടുക്കാൻ നിർമ്മാതാക്കൾ തിയേറ്ററുകൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇത് ശരിയെങ്കിൽ ഈ വർഷത്തെ ക്രിസ്മസ്, മലയാളികൾക്ക് പൂർണ്ണമായും മോഹൻലാൽ ചിത്രങ്ങളുടെ വിരുന്നാകും സമ്മാനിക്കുക. ബോക്സ് ഓഫീസ് കണക്കുകൾ തകർക്കാൻ പോന്ന ഹൈപ്പാണ് ഇരു ചിത്രങ്ങൾക്കും ഇൻഡസ്ട്രിയിലുള്ളത്.
സംവിധാനത്തിനൊപ്പം സിനിമയിൽ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാലാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഹോളിവുഡിലെ മികച്ച സാങ്കേതിക പ്രവർത്തകരാണ് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.
ഏറെ ആരാധകരുള്ള സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹൻലാൽ ഒന്നിക്കുന്ന ചിത്രമെന്ന നിലയ്ക്ക് പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ മലൈക്കോട്ടൈ വാലിബനെ കാണുന്നത്. ഷിബു ബേബിജോണിന്റെ ജോൺമേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്.