കോഴിക്കോട്: മലബാർ എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം കുറയ്ക്കാൻ റെയിൽവേയുടെ തീരുമാനം. അടുത്തിടെ അനുവദിച്ച ഡി റിസർവേഷൻ കോച്ചുകളാണ് കുറയ്ക്കുന്നത്. ഇതോടെ യാത്രക്കാരുടെ ദുരിതയാത്ര ഇരട്ടിക്കും.
കണ്ണൂർ – കാസർകോട് ജില്ലയിലെ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് മലബാർ എക്‌സ്പ്രസ്. രാവിലെ കണ്ണൂരിനും മംഗലാപുരത്തിനുമിടയിൽ രണ്ടായിരത്തിലധികം ജനറൽ യാത്രക്കാർ ആശ്രയിക്കുന്ന 16629 മലബാർ എക്‌സ്പ്രസിന് കണ്ണൂരിനും മംഗലാപുരത്തിനും ഇടയിൽ അനുവദിച്ച 2ഡി റിസർവ്ഡ് കോച്ചുകളിൽ ഒന്നാണ് എടുത്തുകളയുന്നത്. ഈ വരുന്ന 18ന് തീരുമാനം പ്രാബല്യത്തിൽ വരും.
നേരത്തെയും മറ്റ് ട്രെയിനുകളിലും എസി കോച്ചിനു വേണ്ടി ഇത്തരത്തിൽ ഡി കോച്ചുകൾ കുറച്ചിരുന്നു. എന്നാൽ പകരം മറ്റൊന്ന് അനുവദിച്ചിരുന്നു. എന്നാൽ മലബാർ എക്‌സ്പ്രസിനു മാത്രം അനുവദിച്ചില്ല. ട്രെയിനിലെ ജനറൽ കംപാർട്‌മെന്റ് ആർഎംഎസിന് നൽകിയതും ഇരട്ടി ദുരിതമാക്കുന്നുണ്ട്. എന്നാൽ അതിന്റെ 10 ശതമാനം ഭാഗം പോലും ഉപയോഗിക്കാതെ കിടക്കുകയാണ്.
മലബാറിന് ഒൻപത് സ്ലീപ്പർ കോച്ചുകളിൽ റിസർവേഷൻ യാത്രക്കാർ കുറഞ്ഞ അഞ്ച് എണ്ണമെങ്കിലും കണ്ണൂരിന് ശേഷം ഡി – റിസർവ് കോച്ചുകളായി അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ജനറൽ കോച്ചുകളിലും രണ്ട് റീസർവ്ഡ് കോച്ചുകളിലും കയറാൻ പോലും പറ്റാത്ത അത്രയും തിരക്കാണ്. ഇതോടെ യാത്രക്കാർ പലപ്പോഴും പുറത്താകുന്ന സ്ഥിതിയാണ്.
തുടർന്ന് മറ്റ് സ്ലീപ്പർ കോച്ചുകളിൽ കയറാൻ നിർബന്ധിതരാകുന്നു. മിക്ക ദിവസവും യാത്രക്കാരും ടിടിഇമാരുമായും ഇതിന്റെ പേരിൽ തർക്കമുണ്ടാവുകുന്നുണ്ട്. ഉദ്യോഗസ്ഥരും യാത്രക്കാരും പരസ്പരം നിസഹായവസ്ഥ പറയുന്ന ഘട്ടത്തിൽ റെയിൽവേ തന്നെ കൂടുതൽ ഡി റിസർവ്ഡ് സ്ലീപ്പർ കോച്ചുകൾ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.