കൊച്ചി:ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭനായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. കലാമൂല്യമുള്ള നിരവധി സിനിമകളാണ് അദ്ദേഹം മലയാളത്തിന് നൽകിയിട്ടുള്ളത്. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകൻ ആയിട്ടൊക്കെയാണ് അടൂർ ഗോപാലകൃഷ്‌ണനെ സിനിമാ ആസ്വാദകർ വിശേഷിപ്പിക്കാറുള്ളത്.
കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ് അടൂരിന്റെ പല സിനിമകളും. സ്വയംവരം, കൊടിയേറ്റം, മതിലുകൾ, വിധേയൻ, നാല് പെണ്ണുങ്ങൾ തുടങ്ങിയ സിനിമകളെല്ലാം അടൂർ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളാണ്.
അടുത്തിടെയായി വിവാദങ്ങളിലൂടെയാണ് അടൂർ വാർത്തകളിൽ നിറഞ്ഞത്. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽ അടൂർ നടത്തിയ പ്രതികരണങ്ങളും പരാമർശങ്ങളുമാണ് വിവാദമായി മാറിയത്. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സംവിധായകന് നേരെ ഉയർന്നത്.
അതിനിടെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് അദ്ദേഹം നടത്തിയ പരാമർശവും ചർച്ചയായി മാറിയിരുന്നു. മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാത്തത് എന്താണെന്ന ചോദ്യത്തിന് മോഹൻലാലിന്റെ ‘നല്ല റൗഡി’ ഇമേജ് തനിക്ക് പ്രശ്നമാണെന്നും അതുകൊണ്ടാണ് സിനിമ ചെയ്യാത്തതെന്നുമായിരുന്നു അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. അങ്ങനൊരു ഇമേജ് മനസിൽ നിന്ന് കളയാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോഴിതാ, മോഹൻലാലിനെക്കുറിച്ചുള്ള അടൂർ ഗോപാലകൃഷ്ണന്റെ ആ പരാമർശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മേജർ രവി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിശദമായി വായിക്കാം.
‘ശ്രീ അടൂർ ഗോപാലകൃഷ്ണൻ, താങ്കളെപ്പറ്റി ഞാൻ നേരത്തേയിട്ട ഒരു പോസ്റ്റിൻ്റെ തുടർച്ചയായാണ് ഇതെഴുതുന്നത്. മലയാളികളുടെ പ്രിയതാരം ശ്രീ മോഹൻലാലിനെ ‘നല്ലവനായ റൗഡി’ എന്ന് താങ്കൾ വിശേഷിപ്പിച്ചല്ലോ. മലയാളസിനിമയുടെ ആഗോള അംബാസിഡാർ ആയ താങ്കളുടെ ഓർമ്മ ഇപ്പൊഴും സജീവമാണെന്ന് കരുതിക്കോട്ടെ. ആ ഓർമ്മയിലെ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു,’
‘കുറച്ചു വർഷങ്ങൾക്ക് മുമ്പ്, താങ്കൾ, ശ്രീ മോഹൻലാൽ എന്ന “നല്ലവനായ റൗഡിയെ” താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നിട്ടും, മോഹൻലാൽ താങ്കളുടെ വസതിയിൽ വന്നു കാണുകയുണ്ടായി. അന്ന് ആലപ്പുഴയിൽ എന്തോ വെച്ച് ഷൂട്ട് ചെയ്യാനിരിക്കുന്ന താങ്കളുടെ സിനിമയുടെ കഥ പറയുകയും അതിൽ അഭിനയിക്കണമെന്ന ആഗ്രഹം അങ്ങ് പ്രകടിപ്പിക്കുകയും ചെയ്തു,’
‘റൗഡികളുടെ കഥ അല്ലാതിരുന്നിട്ടു കൂടി, ഒട്ടും മടിയില്ലാതെ , സന്തോഷത്തോടെ ആ ആവശ്യം ശ്രീ മോഹൻലാൽ സ്വീകരിച്ചു. കാതലായ ചോദ്യം ഇതാണ്. അന്ന് താങ്കൾ ക്ഷണിച്ചപ്പോൾ, അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം,’
‘ആ ചിത്രത്തിൽ പക്ഷേ മോഹൻലാൽ അഭിനയിച്ചില്ല. ഇതിന്റെ കാരണം എന്തെന്ന് ഈ ലോകത്ത് അങ്ങയ്ക്കും, ശ്രീ ലാലിനും ഇതെഴുതുന്ന എനിക്കും കുറച്ചാളുകൾക്ക് മാത്രം അറിയാം. പിന്നെ ‘അദ്ദേഹം വെറുമൊരു റൗഡിയല്ല, നല്ലവനായ റൗഡിയാണ്’ അതുകൊണ്ടാവാം അദ്ദേഹം അതിൽ നിന്ന് പിന്മാറിയത്,’ മേജർ രവി കുറിച്ചു.
നേരത്തെ മറ്റൊരു പോസ്റ്റിൽ, ‘മോഹൻലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കിൽ സംസാരിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നത്. വയസ്സാകുമ്പോൾ പലർക്കും ഫ്രസ്ട്രേഷൻസ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റർ അടൂർ, മോഹൻലാൽ നിൽക്കുന്ന സ്ഥലം താങ്കൾക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കില്ല എന്നതിൻ്റെ പേരിൽ, ഒരാളെയും ഇതുപോലെ അവഹേളിക്കാൻ ശ്രമിക്കരുത്,’ എന്നും മേജർ രവി പറഞ്ഞിരുന്നു.