ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ്; മുഖ്യപ്രതി ഷെരീഫ് അറസ്റ്റില്‍; പിടിയിലായത് പാലക്കാട് നിന്ന്

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ പാലക്കാട്ടുനിന്നുമാണ് ഷെരീഫിനെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.

ഷെരീഫിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. മറ്റ് ആറ് പ്രതികളെ നാല് പോലീസ് സ്റ്റേഷനുകളിലേക്കായി മാറ്റിയിരിക്കുകയാണ്. കേസില്‍ രണ്ട് പ്രതികള്‍ വെള്ളിയാഴ്ചയാണ് കീഴടങ്ങിയത്. റഫീഖ്, രമേശ്, ശരത്ത്, അഷ്‌റഫ്, അബുബക്കര്‍, അബ്ദുള്‍ സലാം എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.

ഷംനയുടെ മാതാവ് നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു, തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നു പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി. കാസര്‍ഗോഡ് സ്വദേശിയായ ടിക് ടോക് താരത്തിനുവേണ്ടി വിവാഹ ആലോചനയുമായി വന്നവര്‍ ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുത്തെന്ന് ഷംന പറഞ്ഞു.

തുടര്‍ന്ന് വീട്ടിലെത്തിയ നാല്‍വര്‍ സംഘം വീഡിയോ പകര്‍ത്തിയത് സംശയത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സംഘം ഒരു ലക്ഷം രൂപ നല്‍കണമെന്ന ഭീഷണി ഉയര്‍ത്തിയതെന്ന് ഷംനയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News