28.9 C
Kottayam
Tuesday, May 7, 2024

കോട്ടയത്ത് കണ്ടെത്തിയ മൃതദേഹം ബാര്‍ ജീവനക്കാരന്റേത്; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Must read

കോട്ടയം: കാടുവെട്ടിത്തെളിക്കുന്നതിനിടെ നാട്ടകത്തു നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. കുടവെച്ചൂര്‍ വെളുത്തേടത്തുചിറയില്‍ ഹരിദാസിന്റെ മകന്‍ ജിഷ്ണു (23)വിന്റേതാണ് മൃതദേഹം. മൃതദേഹത്തിലെ വസ്ത്രങ്ങളും ചെരുപ്പും ബന്ധുകള്‍ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ചയാണ് മറിയപ്പള്ളിയിലെ സാഹിത്യ പ്രസാധക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തിയത്.

അതേസമയം ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുകള്‍ പറഞ്ഞു. ഈ മാസം മൂന്നിനാണ് ജിഷ്ണുവിനെ കാണാതായത്. പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയിലാണു അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ അല്‍പസമയത്തിനകം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കുമരകം ആശിര്‍വാദ് ബാറിലെ ജീവനക്കാരനായിരുന്നു.

രാവിലെ എട്ടിന് വീട്ടില്‍ നിന്നിറങ്ങിയ ജിഷ്ണു സൈക്കിള്‍ ശാസ്തക്കുളത്തിന് സമീപം വെച്ച് ബസില്‍ കുമരകത്തേക്ക് തിരിച്ചു. യാത്രക്കിടെ ബാറില്‍ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. എട്ടേമുക്കാലോടെ ജിഷ്ണുവിന്റെ ഫോണ്‍ ഓഫായി പിന്നീട് യാതൊരു വിവരവുമില്ല.

രാത്രി ഏഴ് മണിയോടെ ബാര്‍ മാനേജരടക്കം നാലുപേര്‍ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പോലീസിന് 20 ദിവസത്തിലേറെ അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തിനു പിന്നില്‍ നാല് ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുകയായിരുന്നു. ഇപ്പോള്‍ സപ്ലൈക്കോയുടെ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കുള്ള മൊത്ത വിതരണ കേന്ദ്രമായാണ് ഇവിടം പ്രവര്‍ത്തിക്കുന്നത്.

ഈ സ്ഥലത്ത് എസ്പിസിഎസിന്റെ ലിറ്റററി മ്യൂസിയം നിര്‍മിക്കുന്നതിനായി ജെസിബി ഉപയോഗിച്ച് കാട് വൃത്തിയാക്കുന്ന ജോലികള്‍ രണ്ടു ദിവസമായി നടക്കുകയായിരുന്നു. ഇതിനിടെയാണ് പുളിമരത്തിന്റെ ചുവട്ടിലായി പാന്റും അടിവസ്ത്രവും ധരിച്ച നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week